ബംഗ്ലാദേശ് വ്യോമപാത അടഞ്ഞു; സ്‌പൈസ് ജെറ്റിന് തിരിച്ചടി

Update: 2026-02-19 11:08 GMT

ധാക്ക: കുടിശ്ശിക അടച്ചുതീര്‍ക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന് ബംഗ്ലാദേശ് വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ബന്ധപ്പെട്ട അധികാരികള്‍ പലതവണ ആവശ്യപ്പെട്ടിട്ടും കുടിശ്ശിക തുക തീര്‍പ്പാക്കാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രശ്‌നം എത്രയും വേഗം പരിഹരിച്ച് സര്‍വീസുകള്‍ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് മറുപടിയില്‍ അറിയിച്ചെങ്കിലും കുടിശ്ശികയായി എത്ര തുകയാണ് ബാക്കി നില്‍ക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

വിലക്കിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തി, ഇംഫാല്‍ മേഖലകളിലേക്കുള്ള സര്‍വീസുകള്‍ ബംഗ്ലാദേശ് വ്യോമപാത ഒഴിവാക്കി ദൂരമേറിയ ബദല്‍ പാതയിലൂടെ നടത്തേണ്ടിവന്നതായാണ് വിവരം. ഇതുവഴി സര്‍വീസ് സമയത്തിലും ഇന്ധനച്ചെലവിലും വര്‍ദ്ധനയുണ്ടാക്കാനിടയുണ്ട്. സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കമ്പനി ഓഹരിയില്‍ ഇടിവ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ഓഹരി ഏകദേശം ഒരു ശതമാനം വരെ താഴ്ന്നു. 2025 ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 269.27 കോടി രൂപയുടെ നഷ്ടം റിപോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.

Tags: