ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി പീഡനത്തിനിരയായെന്ന്; മലയാളിയായ പിജി ഉടമ അറസ്റ്റില്‍

Update: 2025-08-03 11:37 GMT

ബംഗളൂരു: കര്‍ണാടകത്തിലെ ബംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത വീട്ടുടമയായ മലയാളി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ അഷ്‌റഫാണ് അറസ്റ്റിലായത്. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്.പത്തു ദിവസം മുന്‍പാണ് പെണ്‍കുട്ടി അഷ്‌റഫിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായത്. തിങ്കളാഴ്ച രാത്രി മുറിയില്‍ വന്ന അഷ്‌റഫ്, സഹകരിച്ചാല്‍ മാത്രമേ ഭക്ഷണവും താമസവും നല്‍കൂ എന്ന് പറഞ്ഞു. എതിര്‍ത്തപ്പോള്‍ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയും മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി പറയുന്നത്. തന്റെ ലൊക്കേഷന്‍ ഒരു സുഹൃത്തിന് അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. പിന്നീട്, ഏകദേശം രാത്രി 1.30 നും 2.15 നും ഇടയില്‍ അഷ്‌റഫ് വീട്ടില്‍ കൊണ്ടു ചെന്നാക്കിയെന്നും പരാതി പറയുന്നു.