'പ്രസാദം വില്‍ക്കുന്ന അഹിന്ദുക്കളെ മര്‍ദ്ദിക്കുക, എല്ലാ വീട്ടിലും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിക്കണം'; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് പ്രജ്ഞാ സിങ് താക്കൂര്‍

Update: 2025-09-30 07:52 GMT

ഭോപ്പാല്‍: വീണ്ടും വിവാദ പ്രസാതാവനയുമായി ബിജെപി നേതാവ് സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍. ദുര്‍ഗ വാഹിനി പരിപാടിയില്‍ സംസാരിക്കവെയാണ് ക്ഷേത്രങ്ങള്‍ക്ക് പുറത്ത് പ്രസാദം വില്‍ക്കുന്ന അഹിന്ദുക്കളെ കണ്ടെത്തിയാല്‍ അവരെ മര്‍ദ്ദിച്ച് പോലിസിന് കൈമാറണമെന്നും അവരെ ഒരു പാഠം പഠിപ്പിക്കണമെന്നും പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞത്. ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാ വീട്ടിലും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിക്കണമെന്നും അവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

നവരാത്രി സമയത്ത് ക്ഷേത്രങ്ങള്‍ക്ക് സമീപം പ്രസാദം വില്‍ക്കുന്നവരെ കണ്ടെത്താന്‍ സംഘങ്ങള്‍ രൂപീകരിക്കണമെന്ന് സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞു. അഹിന്ദുക്കള്‍ പ്രസാദം വില്‍ക്കുന്നതായി കണ്ടെത്തിയാല്‍, കഴിയുന്നത്ര അവരെ അടിക്കുക. 'അഹിന്ദുക്കളില്‍ നിന്ന് ഞങ്ങള്‍ പ്രസാദം വാങ്ങാറില്ല. അത് വില്‍ക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കാറില്ല, ക്ഷേത്രത്തില്‍ പ്രവേശിക്കാനും അനുവദിക്കില്ല,' സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹിക സംഘടനകളും പ്രസ്താവനയെ ശക്തമായി അപലപിച്ചു. അക്രമത്തിനുള്ള തുറന്ന ആഹ്വാനമാണിതെന്ന് അവര്‍ വിശേഷിപ്പിച്ചു. നിലവില്‍, ഈ പ്രസ്താവനയോട് ബിജെപിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

Tags: