വിയ്യൂര്‍ ജയില്‍ പരിസരത്തു നിന്നും രക്ഷപ്പെട്ട ബാലമുരുകന്‍ തെങ്കാശിയില്‍; പോലിസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു
തെങ്കാശി: തൃശൂര്‍ വിയ്യൂര്‍ ജയില്‍ പരിസരത്തു നിന്നും രക്ഷപ്പെട്ട ബാലമുരുകന്‍ തെങ്കാശിയിലെത്തി. അന്‍പതോളം വരുന്ന തമിഴ്‌നാട് പോലിസ് സംഘം പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബാലമുരുകന്‍ കുന്നിന്‍ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു. ബാലമുരുകനായി പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ് തമിഴ്‌നാട് പോലിസ്. തെങ്കാശി സ്വദേശിയാണ് ബാലമുരുകന്‍. ആട് മേയ്ക്കുന്നവരുടെ വേഷത്തിലാണ് ബാലമുരുകന്‍ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിന്‍ മുകളിലേക്ക് ഓടിക്കയറിയ ബാലമുരുകനെ പിന്തുടര്‍ന്ന് പോലിസ് സംഘം മലകയറിയെങ്കിലും പിടികൂടാനായില്ല.
ഇതിനിടെ അഞ്ചു പോലിസുകാര്‍ മലയില്‍ ഏറെ നേരം ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി ഇന്നു രാവിലെയാണ് മലയില്‍ കുടുങ്ങിയ പോലിസുകാരെ താഴെ ഇറക്കിയത്. ഇന്ന് നേരം വെളുക്കുവോളം പോലിസ് സംഘം ബാലമുരുകനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ മഴ പെയ്തതും തിരച്ചില്‍ ശ്രമം ദുഷ്‌കരമാക്കി. ബാലമുരുകന്‍ മലയില്‍ തന്നെ ഉണ്ടെന്നാണ് തമിഴ്‌നാട് പോലിസിന്റെ നിഗമനം.
കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് തെങ്കാശി സ്വദേശിയായ ബാലമുരുകന്‍. കഴിഞ്ഞമാസം ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയൂര്‍ ജയിലില്‍ നിന്ന് തമിഴ്നാട് പോലിസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്‌നാട്ടിലെ കേസില്‍ കോടതിയില്‍ ഹാജരാക്കാനാണ് തമിഴ്‌നാട് പോലിസ് സംഘം കൊണ്ടു പോയത്. ശേഷം, ബാലമുരുകനെ തിരികെ ജയിലിലെത്തിക്കുമ്പോഴാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്.
