എയര്‍ ടാക്‌സി സേവനം ആരംഭിക്കാന്‍ ഒരുങ്ങി ബഹ്‌റൈന്‍

Update: 2025-11-06 09:34 GMT

മനാമ: ബഹ്‌റൈനില്‍ 2027ഓടെ ആകാശത്ത് എയര്‍ ടാക്‌സികള്‍ പാറിപ്പറക്കാന്‍ ഒരുങ്ങുന്നു. രാജ്യത്തിന്റെ ആദ്യ ഇലക്ട്രിക് ഫ്‌ലൈയിങ് ടാക്‌സി പദ്ധതി 2027ല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബഹ്‌റൈനില്‍ നടന്ന 'ഗേറ്റ് വേ ഗള്‍ഫ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം' സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം. ബ്രസീല്‍ ആസ്ഥാനമായ ഈവ് എയര്‍ മൊബിലിറ്റി കമ്പനിയുമായാണ് ബഹ്‌റൈന്‍ ഈ പദ്ധതിക്കായി കരാറില്‍ ഒപ്പുവച്ചത്.

ഒരു പൈലറ്റിനൊപ്പം നാലു യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഈ ഫ്‌ലൈയിങ് ടാക്‌സികള്‍, നഗര ഗതാഗതത്തില്‍ ഒരു പുതിയ അധ്യായം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹെലികോപ്റ്ററിനോട് സാമ്യമുള്ള രൂപകല്‍പ്പനയാണെങ്കിലും ഇവ ശബ്ദരഹിതവും പുകയില്ലാത്തതുമാണ്. കൂടാതെ, റണ്‍വേ ആവശ്യമില്ലാതെ തന്നെ പറന്നുയരാനും ഇറങ്ങാനും സാധിക്കും.

ഇലക്ട്രിസിറ്റിയിലൂടെ പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റുകള്‍ ഹെലികോപ്റ്ററിനെപ്പോലെ നേരെ പറന്നുയര്‍ന്ന് പിന്നീട് സാധാരണ വിമാനങ്ങളുടേതുപോലെ മുന്നോട്ട് സഞ്ചരിക്കും. തിരക്കേറിയ നഗരമേഖലകളില്‍ പോലും എളുപ്പത്തില്‍ സര്‍വീസ് നടത്താനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.

ആദ്യ ഘട്ട പരീക്ഷണപറക്കലുകള്‍ 2027ല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം, 2028ല്‍ വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി യാത്രക്കാര്‍ക്ക് എയര്‍ ടാക്‌സി ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.

Tags: