ബഹ്റൈൻ സ്പോർട്സ് സിറ്റി; ലോകോത്തര കായിക-വിനോദ കേന്ദ്രത്തിന് തുടക്കം

Update: 2025-11-02 09:40 GMT
മനാമ: ലോകോത്തര നിലവാരത്തിലുള്ള കായിക, വിദ്യാഭ്യാസ, വിനോദസഞ്ചാര സൗകര്യങ്ങൾ ഏകോപിപ്പിച്ച് ബഹ്റൈൻ രാജ്യത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ സ്പോർട്സ് സിറ്റി പദ്ധതിക്ക് തുടക്കമാകുന്നു. സതേൺ ഗവർണറേറ്റിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഈ ബഹുമുഖ പദ്ധതി, ബഹ്റൈനിനെ പ്രാദേശിക കായിക മികവിന്റെയും സാമൂഹിക ഇടപെടലിന്റെയും കേന്ദ്രമാക്കി മാറ്റുമെന്നതാണ് പ്രതീക്ഷ.


പദ്ധതിയുടെ ആദ്യഘട്ടത്തിനായുള്ള ടെൻഡർ പ്രക്രിയ ആരംഭിക്കാൻ ടെൻഡർ ബോർഡിനോട് ആവശ്യപ്പെട്ട നിർദേശത്തിന് സതേൺ മുനിസിപ്പൽ കൗൺസിൽ കഴിഞ്ഞ ദിവസം ഏകകണ്ഠമായി അംഗീകാരം നൽകി. ഏകദേശം 100 മില്യൺ ബഹ്റൈൻ ദിനാറിൽ അധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ ഘട്ടത്തിന്റെ ടെൻഡറുകൾ 2026ൽ പുറത്തിറക്കാനാണ് ലക്ഷ്യം.

 “നമുക്ക് മറ്റൊരു സ്റ്റേഡിയം മാത്രമല്ല വേണ്ടത്. കായികം, വിദ്യാഭ്യാസം, വിനോദം എന്നിവ സമന്വയിപ്പിക്കുന്ന സമഗ്ര നഗരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത് യുവജനങ്ങൾക്ക് പ്രചോദനമാവുകയും ടൂറിസത്തെയും ദേശസാമ്പത്തിക വളർച്ചയെയും പിന്തുണയ്ക്കുകയും ചെയ്യും,” എന്ന് കൗൺസിൽ ചെയർമാൻ അബ്ദുല്ല ലത്തീഫ് പറഞ്ഞു.

വാണിജ്യ, ഹോസ്പിറ്റാലിറ്റി ഘടകങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ വർഷം മുഴുവൻ സജീവമായും സ്വയംപര്യാപ്തമായും പദ്ധതി പ്രവർത്തിക്കുമെന്ന് അബ്ദുല്ല ലത്തീഫ് കൂട്ടിച്ചേർത്തു.

പ്രധാന സൗകര്യങ്ങൾ:

50,000 കാണികളെ ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര സ്റ്റേഡിയം

10,000 പേരെ ഉൾക്കൊള്ളുന്ന മൾട്ടിപർപ്പസ് ഇൻഡോർ ഹാൾ

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ പിച്ചുകളും അത്ലറ്റിക് ട്രാക്കുകളും

ഒളിമ്പിക് നിലവാരത്തിലുള്ള നീന്തൽക്കുളങ്ങൾ

ഷോപ്പിങ് മാൾ, ഹോട്ടൽ, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ

Tags: