ഗസയിലെ വെടിനിര്‍ത്തല്‍ നടപ്പാക്കല്‍: ഫലസ്തീനി സംഘടനകള്‍ സമവായത്തിലെത്തിയെന്ന് ഹമാസ്

Update: 2025-10-24 14:28 GMT

കെയ്‌റോ:ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ എല്ലാ ഫലസ്തീനി സംഘടനകളും സമവായത്തിലെത്തിയെന്ന് ഹമാസ്. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം ഹുസം ബദ്‌രാനാണ് ഇക്കാര്യം അറിയിച്ചത്. '' കഴിഞ്ഞ ദിവസങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകളും സംയുക്ത ചര്‍ച്ചകളും നടക്കുകയായിരുന്നു. ഫലസ്തീനി ജനതയുടെ താല്‍പര്യം സംരക്ഷിക്കുന്ന രീതിയില്‍ കരാര്‍ നടപ്പാക്കാന്‍ പൊതുധാരണയായി.''-അദ്ദേഹം പറഞ്ഞു. ഗസയിലെ വംശഹത്യ തടയാന്‍ കരാറില്‍ ഒപ്പിട്ട ശേഷം ആദ്യമായാണ് ഇത്രയും ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ നടക്കുന്നത്. ''കരാര്‍ നല്ല വിശ്വാസത്തോടെ നടപ്പിലാക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണ്. വെടിനിര്‍ത്തല്‍ സ്ഥിരപ്പെടുത്തുന്നതിനും ഫലസ്തീനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സഹായിച്ച ഈജിപ്തിന്റെ നിര്‍ണായക പങ്കിനെയും മധ്യസ്ഥതയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു.''-ഹുസം ബദ്‌രാന്‍ കൂട്ടിച്ചേര്‍ത്തു.