'കുഞ്ഞിന്റെ കരച്ചില്‍ അസ്വസ്ഥതയുണ്ടാക്കി': ഒരു വയസ്സുകാരന്റെ മരണത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു

Update: 2026-01-24 06:26 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛനായ ഷിജിന്റെ മൊഴി പുറത്തുവന്നു. കുഞ്ഞിനോടുള്ള താല്‍പര്യക്കുറവും രാത്രി സമയങ്ങളിലെ കരച്ചില്‍ മൂലമുണ്ടായ മാനസിക അസ്വസ്ഥതയും ഉറക്കമില്ലായ്മയും മൂലമാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പ്രതി പോലിസിനോട് സമ്മതിച്ചത്.

കവളാകുളം സ്വദേശിയായ ഷിജിനെ ഇന്നലെയാണ് നെയ്യാറ്റിന്‍കര പോലിസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായുണ്ടായ പിണക്കത്തിനിടെ കുഞ്ഞിനെ മടിയിലിരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ഇടിച്ചെന്നും തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞുവീണെന്നുമാണ് ഇയാളുടെ മൊഴി. മൂന്നാംഘട്ട ചോദ്യംചെയ്യലിന് ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചത്. കുഞ്ഞിന്റെ മരണകാരണം അടിവയറിലുണ്ടായ ആന്തരിക രക്തസ്രാവമാണെന്ന് ഫോറന്‍സിക് സര്‍ജന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ പിതൃത്വത്തില്‍ പ്രതിക്ക് സംശയം ഉണ്ടായിരുന്നതായും പോലിസ് സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ മാാതാവിന് മര്‍ദ്ദന വിവരം അറിഞ്ഞിരുന്നോയെന്ന കാര്യവും പോലിസ് പരിശോധിച്ചു വരികയാണ്. മരിക്കുന്നതിന് മൂന്ന് ആഴ്ച മുന്‍പ് കുഞ്ഞിന്റെ കൈ പൊട്ടിയത് കൊലപാതകശ്രമത്തിന്റെ ഭാഗമായിരുന്നോയെന്ന സംശയവും അന്വേഷണ സംഘം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചത്. ബിസ്‌കറ്റ് കഴിച്ച് അരമണിക്കൂറിനുശേഷം കുഞ്ഞ് കുഴഞ്ഞുവീണെന്നായിരുന്നു മാതാവിന്റെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ മാതാവും പിതാവും നല്‍കിയ പരസ്പരവിരുദ്ധ മൊഴികളാണ് വിശദമായ അന്വേഷണത്തിലേക്ക് പോലിസിനെ നയിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും.

Tags: