പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റിയത്. എന്നാല്‍ നടപടി കണ്ണില്‍ പൊടിയിടാനാണെന്നും ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവ ശസ്ത്രക്രിയയിലൂടെ (സിസേറിയന്‍) പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ ആര്‍ഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.