ആശുപത്രിയില്‍ കുഞ്ഞ് മരിച്ചു; സഞ്ചിയില്‍ മൃതദേഹവുമായി കലക്ടറുടെ ഓഫിസിലെത്തി പിതാവ്

Update: 2025-08-23 12:29 GMT

ലഖ്നോ: പ്രസവത്തിനിടെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബിഗ് ഷോപ്പറിലാക്കി കലക്ടറുടെ ഓഫീസിലെത്തി പരാതി നല്‍കി പിതാവ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. ആശുപത്രി അധികൃതര്‍ തുടര്‍ച്ചയായി ഫീസ് വര്‍ധിപ്പിക്കുകയും പ്രസവം വൈകിപ്പിക്കുകയും ചെയ്തുവെന്ന് പിതാവ് വിപിന്‍ ഗുപ്ത ആരോപിച്ചു. സാധാരണ പ്രസവത്തിന് 10,000 രൂപയും സി-സെക്ഷന് 12,000 രൂപയുമാണ് ആശുപത്രിക്കാര്‍ ആവശ്യപ്പെട്ടതെന്ന് വിപിന്‍ ഗുപ്ത പറഞ്ഞു. ഭാര്യക്ക് പ്രസവവേദന കലശലായപ്പോള്‍ ആശുപത്രി അധികൃതര്‍ ഫീസ് വര്‍ധിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.

''പുലര്‍ച്ചെ 2:30-ഓടെ ഞാന്‍ പണം സംഘടിപ്പിച്ചു. നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഭാര്യയെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാമെന്ന് ഞാന്‍ അവരോട് പറയുകയും ചെയ്തു. അവര്‍ വീണ്ടും ഫീസ് വര്‍ധിപ്പിച്ചു. പ്രസവ നടപടികള്‍ ആരംഭിക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു, കൂടുതല്‍ പണം ഞാന്‍ സംഘടിപ്പിക്കാമെന്നും പറഞ്ഞു. എന്നാല്‍ ആദ്യം പണം നല്‍കണമെന്നും അതിനുശേഷം മാത്രമേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്നും അവര്‍ കര്‍ശനമായി പറഞ്ഞു''-അദ്ദേഹം പറഞ്ഞു.

''എന്റെ കുഞ്ഞ് മരിച്ചു. അതിനുശേഷം അവര്‍ എന്റെ ഭാര്യയെ റോഡിലേക്ക് തള്ളി. പിന്നീട് ഞങ്ങള്‍ ഒരു സര്‍ജന്റെ അടുത്തേക്ക് പോയി. അതിനുശേഷം ഞാന്‍ കലക്ടറുടെ അടുത്തേക്ക് പോയി. മരിച്ച കുഞ്ഞിനെ ഞാന്‍ ഒരു ബാഗിലാണ് കൊണ്ടുപോയത്''- വിപിന്‍ ഗുപ്ത പറഞ്ഞു.

പ്രസവം നടന്ന ഗോള്‍ഡാര്‍ ആശുപത്രി പൂട്ടിച്ചതായി കലക്ടര്‍ അറിയിച്ചു. '' ആ ആശുപത്രിയിലെ രോഗികളെ സര്‍ക്കാരിന്റെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയാണ്. രോഗികളെ കുറിച്ച് അന്വേഷിക്കാന്‍ സബ് കലക്ടറെ ചുമതലപ്പെടുത്തി.''-ജില്ലാ കലക്ടര്‍ അറിയിച്ചു.