കാട്ടാക്കടയില്‍ വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു

ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്

Update: 2026-04-05 13:30 GMT

തിരുവനന്തപുരം: കാട്ടാക്കടയില്‍ വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചതില്‍ ദുരൂഹത. ഇന്ന് ഉച്ചയോടെ പൂഴനാട് സ്വദേശിനിയായ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഇന്ന് ഉച്ചയോടെയായിരുന്നു യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരാണ് സംശയം തോന്നി വിവരം പോലിസിനെ അറിയിച്ചത്. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ എങ്ങിനെയാണ് മുറിവുകള്‍ ഉണ്ടായതെന്ന് പോലിസ് വിശദമായി അന്വേഷിക്കും.

തിരുനന്തപുരം കാട്ടാക്കട പൂഴനാടാണാണ് സംഭവം. പ്ലാവിളവീട്ടില്‍ അല്‍ത്താഫിന്റെ ഭാര്യ ഷംന(21)യാണ് ഇന്ന് ഉച്ചയോടെ വീട്ടില്‍ പ്രസവിച്ചത്. പുറത്തുപോയിരുന്ന അല്‍ത്താഫ് വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് വയറുവേദനയെ തുടര്‍ന്ന് കിടക്കുകയായിരുന്നു ഷംന. ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞതോടെ അല്‍ത്താഫ് ഓട്ടോറിക്ഷ വിളിക്കുന്നതിന് പോയി. ഈ സമയത്താണ് ഷംന കുഞ്ഞിന് ജന്മം നല്‍കിയതും കുഞ്ഞ് മരിക്കുകയും ചെയ്തത്.

അല്‍ത്താഫ് തിരികെ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഷംനയേയും കുഞ്ഞിനേയും കാണുകയായിരുന്നു. ഉടന്‍ തന്നെ ഭര്‍ത്താവ് ഷംനയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം കാട്ടാക്കട പോലിസില്‍ അറിയിക്കുകയായിരുന്നു. പോലിസെത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തി. പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഷംന ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അല്‍ത്താഫ് മൊഴി നല്‍കി. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു ഷംന.