കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ബാബു ദിവാകരന്‍ കുന്നത്തുനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി
കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ബാബു ദിവാകരന്‍ കുന്നത്തുനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കും. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയാണ് ബാബു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാ പദവികളും രാജിവക്കുന്നതായും മരിച്ചാലും മറ്റ് പാര്‍ട്ടിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം ബാബു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുന്നത്തുനാട്ടിലെ സ്ഥാനാര്‍ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ ഭാഗമായ ട്വന്റി ട്വന്റി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് ബാബു ദിവാകരന്റെയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബാബു ദിവാകരന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. മണ്ഡലത്തില്‍ നിന്നുള്ള യോഗ്യരായ സ്ഥാനാര്‍ഥികളെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ അധ്യക്ഷന്‍, കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള നേതാവാണ് ബാബു ദിവാകരന്‍.