ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മണ്ണില്‍ നിന്ന് ഇതുവരെ വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ 'ബ്ലൂബേര്‍ഡ്6' വിജയകരമായി ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് ഇന്ന് രാവിലെ 8.55നാണ് ഐഎസ്ആര്‍ഒയുടെ എല്‍വിഎം3 (ബാഹുബലി) റോക്കറ്റ് ഉപഗ്രഹവുമായി ആകാശത്തേക്ക് ഉയര്‍ന്നത്. അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ എഎസ്ടി സ്‌പേയ്‌സ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക്2 ശ്രേണിയിലെ ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ഏകദേശം 6,100 കിലോഗ്രാം (6.1 ടണ്‍) ഭാരമുള്ള ബ്ലൂബേര്‍ഡ്6, ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹങ്ങളിലൊന്നാണ്.
ഗഗന്‍യാന്‍ മനുഷ്യ ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട എല്‍വിഎം3 റോക്കറ്റിന്റെ ആറാമത്തെ വിജയകരമായ ഓപ്പറേഷണല്‍ ഫ്‌ളൈറ്റാണിത്. ടവറുകളോ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലകളോ ഇല്ലാതെ, ഉപഗ്രഹത്തില്‍ നിന്നുതന്നെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്ത അത്യാധുനിക ഉപഗ്രഹശൃംഖലയുടെ ഭാഗമാണ് ബ്ലൂബേര്‍ഡ് ബ്ലോക്ക്2. ബഹിരാകാശത്തില്‍ നിന്നു നേരിട്ട് 4ജി, 5ജി ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം സ്മാര്‍ട്ട്‌ഫോണുകളിലെത്തിക്കുക എന്നതാണ് ബ്ലൂബേര്‍ഡ് ഉപഗ്രഹങ്ങളുടെ മുഖ്യലക്ഷ്യം. 223 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ആന്റീനകളാണ് ഉപഗ്രഹത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് 4,400 കിലോഗ്രാം ഭാരമുള്ള സമാന ഉപഗ്രഹം നവംബര്‍ 2നു ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചിരുന്നു. സാധാരണ മൊബൈല്‍ ടവറുകള്‍ എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളിലും ഇനി മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമാകുമെന്നതാണ് ദൗത്യത്തിന്റെ പ്രധാന നേട്ടം. ഇന്ത്യ മുന്‍പ് വിക്ഷേപിച്ച വണ്‍വെബ് ഉപഗ്രഹങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഭാരവും ശേഷിയും ബ്ലൂബേര്‍ഡ് 6നുണ്ട്.
ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) വഴിയാണ് ഈ അന്താരാഷ്ട്ര കരാര്‍ യാഥാര്‍ഥ്യമായത്. ചന്ദ്രയാന്‍2, ചന്ദ്രയാന്‍3 ദൗത്യങ്ങളുടെ വിജയത്തിന് പിന്നാലെ എല്‍വിഎം3 റോക്കറ്റിന്റെ വിശ്വസ്തത വീണ്ടും തെളിയിക്കുന്ന ദൗത്യമായി ഇതു മാറി. ലോകത്തെ മുന്‍നിര ബഹിരാകാശ ഏജന്‍സികളോടൊപ്പം മല്‍സരിക്കാന്‍ കഴിയുന്ന വിക്ഷേപണ സൗകര്യങ്ങളും സാങ്കേതിക മികവും ഇന്ത്യയ്ക്കുണ്ടെന്നതിനെ ഈ ദൗത്യം ശക്തമായി അടിവരയിടുന്നു.
