അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യം: വി ഡി സതീശന്‍

Update: 2025-09-03 05:17 GMT

തിരുവനന്തപുരം: അയ്യപ്പസംഗമം സര്‍ക്കാരിന്റെ രാഷ്ട്രീയ നാടകമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ശബരിമലയിലെ ആചാരലംഘനത്തിനെതിരേ നടത്തിയ സമരങ്ങളില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറുണ്ടോ എന്നും ആദ്യം സത്യവാങ്മൂലം പിന്‍വലിക്കട്ടെ എന്നും എന്നിട്ടാവാം ബാക്കി കാര്യങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി ശബരിമലയിലെ വികസനത്തിനുവേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. സാധാരണക്കാരുടെ പണം ദുരുപയോഗം ചെയ്യുന്ന പരിപാടിയോട് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരമായി റേഷന്‍ വിതരണം മുടങ്ങുന്നുവെന്നും ഓണക്കാലം വിലക്കയറ്റത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒമ്പതു കൊല്ലം ഇല്ലാത്ത ഒരു ഭക്തി എങ്ങനെയാണ് ഇപ്പോള്‍ ഉണ്ടായത്. അവിടെ നടക്കുന്നത് രാഷ്ട്രീയ സദസ്സല്ലല്ലോ. ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരം കിട്ടട്ടെ എന്നിട്ടാലോചിക്കാം അയ്യപ്പസംഗമത്തെകുറിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റില്‍ വ്യക്തമാക്കുന്ന വികസനങ്ങള്‍ക്കുള്ള യഥാര്‍ഥ തുക പോലും നല്‍കുന്നില്ല. കാപട്യമാണ് സകലയിടത്തും കാണുന്നതെന്നും സതീശന്‍ പറഞ്ഞു. ശബരിമലയെയും അയ്യപ്പനെയും സങ്കീര്‍ണ തലത്തിലേക്ക് എത്തിച്ച സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: