കാര്‍ അപകടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി
പത്തനംതിട്ട: കാര്‍ അപകടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്ക് മര്‍ദ്ദനമേറ്റു. തൂത്തുക്കുടി, തിരുനെല്‍വേലി സ്വദേശികളായ തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്.രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീര്‍ത്ഥാടക സംഘത്തിന് പത്തനംതിട്ട കോന്നി പൂവന്‍പാറയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ സമീപത്തെ കടയിലെ ജീവനക്കാര്‍ സ്ഥലത്തെത്തുകയും അപകടം ചോദ്യം ചെയ്യുകയും ചെയ്തു.
തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജീവനക്കാര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്നാണ് അയ്യപ്പഭക്തരുടെ പരാതി.മര്‍ദ്ദനമേറ്റ തീര്‍ത്ഥാടകര്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.