ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയെ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. പാര്‍ട്ടിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണലില്‍ നടക്കുന്ന കേസുകളില്‍ വിചാരണ പൂര്‍ത്തിയാവും വരെയാണ് നിരോധനമെന്ന് ഇടക്കാല പ്രസിഡന്റ് മുഹമ്മദ് യൂനുസിന്റെ ഓഫിസ് അറിയിച്ചു. രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് നിരോധനം. അവാമി ലീഗ് ഭരണകൂടത്തെ പുറത്താക്കുന്നതിലേക്ക് നയിച്ച 2024 ജൂലായിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരുടേയും പരാതിക്കാരുടെയും സാക്ഷികളുടെയും സുരക്ഷയ്ക്കായാണ് ഈ തീരുമാനമെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട ഹസീന ബംഗ്ലാദേശ് വിട്ടോടി ഇന്ത്യയിലാണ് ഒളിവില്‍ കഴിയുന്നത്.