ഓട്ടോറിക്ഷയുടെ ഡാഷ്‌ബോര്‍ഡ് കുത്തിതുറന്ന് മോഷണം; സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍

Update: 2026-01-12 06:50 GMT

കാഞ്ഞങ്ങാട്: വീടിന് അടച്ചുറപ്പില്ലാത്തതിനാല്‍ കൂടെക്കരുതിയ ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ ആശുപത്രി മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് മോഷ്ടിച്ച സംഘം പിടിയിലായി. കള്ളാര്‍ ഒക്ലാവ് സ്വദേശി സുബൈര്‍ (23), കാഞ്ഞങ്ങാട് വടകരമുക്ക് സ്വദേശി ആഷിഖ് (28) എന്നിരാണ് പിടിയിലായത്.വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ അഷറഫിന്റെ ഓട്ടോറിക്ഷയിലാണ് കവര്‍ച്ച നടന്നത്.

പരിക്കേറ്റ ഭാര്യാപിതാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോയതായിരുന്നു അഷറഫും കുടുംബവും. വീട് സുരക്ഷിതമല്ലാത്തതിനാല്‍ വീട്ടിലുണ്ടായിരുന്ന ഏഴ് പവന്റെ സ്വര്‍ണവളകള്‍ ഭാര്യ കൗലത്ത് കൈവശം വച്ചിരുന്നു. മാവുങ്കലിലെ ആശുപത്രിയിലെത്തിയപ്പോള്‍ ഓട്ടോയുടെ ഡാഷ് ബോര്‍ഡില്‍ ആഭരണങ്ങള്‍ വച്ച് പൂട്ടി.

ആശുപത്രിയില്‍ പോയി തിരികെ എത്തിയപ്പോഴാണ് ഡാഷ് ബോര്‍ഡ് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ ഓട്ടോയുടെ മുന്‍ സീറ്റില്‍ കയറുന്നത് കണ്ടെത്തി. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

Tags: