പെട്രോള്‍ പമ്പില്‍ പണം നല്‍കാതെ രക്ഷപ്പെടാന്‍ ശ്രമം; തടഞ്ഞ ജീവനക്കാരനെ കാര്‍ കയറ്റി കൊലപ്പെടുത്തി
ധാക്ക: പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം അടിച്ച ശേഷം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിച്ചവരെ തടഞ്ഞ യുവാവിനെ കാര്‍ കയറ്റി കൊന്നു. റിപോണ്‍ സാഹ(30)യാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ രാജ്ബാഡി ജില്ലയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം.
3,710 രൂപയ്ക്ക് ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ പോകാന്‍ ശ്രമിച്ചപ്പോള്‍ പമ്പിലെ ജീവനക്കാരനായ സാഹ വാഹനത്തിന്റെ മുന്നില്‍ കയറി തടയുകയായിരുന്നു. ഇതോടെ കാര്‍ സാഹയുടെ ദേഹത്തിലൂടെ കയറ്റി ഓടിച്ചുപോയി. സംഭവസ്ഥലത്ത് വച്ച് തന്നെ സാഹ മരിച്ചു. സംഭവത്തിന് പിന്നാലെ വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. വാഹന ഉടമ അബ്ദുള്‍ ഹാഷിം (55), ഡ്രൈവര്‍ കമാല്‍ ഹുസൈന്‍ (43) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) രാജ്ബാഡി ജില്ലാ മുന്‍ ട്രഷററാണ് അബ്ദുള്‍ ഹാഷിം.