തന്റെ ഓട്ടോയില്‍ കാറിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി
കാസര്‍കോട്: കാര്‍ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി. ബേത്തൂര്‍പാറ പള്ളഞ്ചിയിലെ പരേതനായ കെ ശേഖരന്‍ നായരുടെയും സി കമലക്ഷിയുടെയും മകനായ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ബേത്തൂര്‍പാറയില്‍ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ബേത്തൂര്‍ പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിന് ശേഷം പള്ളഞ്ചിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് അനീഷ് ആസിഡ് കുടിക്കുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ അനീഷിനെ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: വീണ, മക്കള്‍: നീരജ്, ആരവ്.