ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

യാത്രക്കാരിയെ വഴിയിലിറക്കിവിട്ടതിന്റെ വൈരാഗ്യത്തില്‍, ഓട്ടോ ഡ്രൈവറെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഭാര്യയുടെ കണ്‍മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്

Update: 2025-12-02 15:00 GMT

ആലപ്പുഴ: ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്. യാത്രക്കാരിയെ വഴിയിലിറക്കിവിട്ടതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്താല്‍ ആലപ്പുഴ എടത്വയിലെ ഓട്ടോ ഡ്രൈവര്‍ അനില്‍കുമാറിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. തലവടി ആനപ്രമ്പാല്‍ വടക്ക് പുത്തന്‍പറമ്പ് വീട്ടില്‍ ഓട്ടോ ഡ്രൈവര്‍ അനില്‍കുമാറിനെ(38)കൊന്ന കേസില്‍ ഒന്നാം പ്രതി ആനപ്രറമ്പാല്‍ നോര്‍ത്ത് മുറിയില്‍ കളങ്ങര ഭാഗത്ത് വീട്ടില്‍ അമല്‍(27), രണ്ടാം പ്രതി അനപ്രമ്പാല്‍ നോര്‍ത്ത് കളങ്ങരഭാഗത്ത് കൊച്ചുപറമ്പ് വീട്ടില്‍ കെവിന്‍(25)എന്നിവരെയാണ് ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതി രാഹുലിനെ വെറുതെവിട്ടു.

2019 ജനുവരി 14ന് രാത്രി 12.30നാണ് കേസിനാസ്ദമായ സംഭവം. രണ്ടാം പ്രതിയായ കെവിന്റെ സഹോദരിയെ എടത്വ പച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരികെ ഓട്ടോയില്‍ വരുന്ന വഴിയില്‍ ഇറക്കിവിട്ടതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികള്‍ അനില്‍കുമാറിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഭാര്യ സന്ധ്യയുടെ മുന്നിലിട്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യ സന്ധ്യക്കും ഗുരുതര പരിക്കേറ്റിരുന്നു. അമലിന്റെ കൈവശം കരുതിയ മൂര്‍ച്ചയേറിയ കത്തികൊണ്ട് ഓട്ടോ ഡ്രൈവര്‍ അനില്‍ കുമാറിന്റെ തലയിലും ഇടത് തോളിലും ഇടത് കക്ഷത്തും വലത് നെഞ്ചിലും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു. രണ്ടാം പ്രതിയായ കെവിനാണ് അനില്‍കുമാറിനെ പിടിച്ചുനിര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അനില്‍കുമാറിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ സന്ധ്യയുടെ മൊഴിരേഖപ്പെടുത്തിയാണ് എടത്വ പോലിസ് കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത് എടത്വാ സബ്ബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ ക്രിസ്റ്റ്യന്‍ രാജായിരുന്നു. വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ട അനില്‍കുമാറിന്റെ അമ്മയും ഭാര്യ സന്ധ്യയും മകനും ഉള്‍പ്പെടെയുള്ള ബന്ധുക്കളെത്തിയിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും ഒളിപ്പിക്കാന്‍ സഹായിച്ചതിനാണ് രാഹുലിനെ മൂന്നാം പ്രതിയാക്കിയത്. എന്നാല്‍, രാഹുലിനെതിരായ ആരോപണങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ല. അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് എ ശ്രീമോന്‍ ഹാജരായി.