തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം നിയന്ത്രണ വിധേയമെന്ന് അധികൃതര്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് ആശുപത്രി അധികൃതര്‍. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ കെട്ടിടത്തില്‍ നിന്ന് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് സംശയം. നിലവില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
രണ്ടാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ ഐസിയുവിലെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ മെഷീനിലാണ് തീ പിടിച്ചത്. ഉടനെ തീ അണയ്ക്കുകയും മെഷീന്‍ പുറത്തേക്ക് മാറ്റുകയും ചെയ്തു. മറ്റെവിടേക്കും തീ വ്യാപിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. വെന്റിലേറ്ററില്‍ ഓക്‌സിജന്‍ ലീക്കായി പുക ഉയരുകയായിരുന്നു. തീ നിയന്ത്രണ വിധേയമായെങ്കിലും പുക മാത്രമാണ് നിലവിലുള്ളത്. ഇത് രോഗികള്‍ക്ക് ബുദ്ധിമുട്ടായതോടെ ഐസിയുവില്‍ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റുകയായിരുന്നു. തീപിടിത്തം വെന്റിലേറ്റര്‍ മെഷീനില്‍ നിന്ന് തന്നെയെന്ന് ഫയര്‍ ഫോഴ്സ് സ്ഥിരീകരിച്ചു. തീ പിടിത്തത്തിന് പുറമേ പുകയും ഉണ്ടായി. ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായതെന്ന് റീജണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ് കെ പറഞ്ഞു.