സിഡ്‌നി: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ആസ്‌ത്രേലിയ. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. പശ്ചിമേഷ്യയിലെ അക്രമത്തിന്റെ ചക്രങ്ങള്‍ തകര്‍ക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമാണ്. ഗസയിലെ തുടര്‍ച്ചയായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അത് വേണം. അതിനാല്‍ ഫലസ്തീനെ അംഗീകരിക്കാന്‍ ആസ്‌ത്രേലിയ തീരുമാനിച്ചു. ഫലസ്തീന്‍ രാജ്യത്തിന്റെ സ്വഭാവത്തെ കുറിച്ച് ഫലസ്തീന്‍ അതോറിറ്റി ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് ന്യൂസിലാന്‍ഡും അറിയിച്ചു.