''പട്ടിണിക്കിട്ട കുട്ടികളെ നോക്കിയല്ല ഒരുരാജ്യത്തിന്റെ ശക്തി അളക്കുന്നത്''; ഇസ്രായേലിനോട് ആസ്‌ത്രേലിയ
സിഡ്‌നി: പട്ടിണിക്കിട്ട കുട്ടികളെ നോക്കിയല്ല ഒരു രാജ്യത്തിന്റെ ശക്തി അളക്കുന്നതെന്ന് ഇസ്രായേലിനോട് ആസ്‌ത്രേലിയ. ഗസയിലെ കുട്ടികള്‍ ശത്രുക്കളാണെന്ന് പറഞ്ഞ ഇസ്രായേലി പാര്‍ലമെന്റ് അംഗം സിംച റോത്ത്മാന് ആസ്‌ത്രേലിയ വിസ നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ വിമര്‍ശിച്ച് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ആന്റണി ആല്‍ബനീസ് ദുര്‍ബലനായ രാഷ്ട്രീയക്കാരനാണെന്നും ആസ്‌ത്രേലിയയിലെ ജൂതന്‍മാരെ വഞ്ചിച്ചെന്നുമാണ് നെതന്യാഹു ആരോപിച്ചത്.
ഇതോടെ ഇസ്രായേലിനെ തുറന്നുകാട്ടുന്ന പ്രസ്താവനയുമായി ആസ്‌ത്രേലിയയുടെ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്കും രംഗത്തെത്തി. ''എത്ര ആളുകള്‍ക്ക് നേരെ ബോംബിടാന്‍ കഴിയും, എത്ര പേരെ പട്ടിണിക്കിടാന്‍ കഴിയും എന്നതിന് അനുസരിച്ചല്ല ശക്തി അളക്കുന്നത്. പട്ടിണിക്കിട്ട കുട്ടികളുടെ എണ്ണം നോക്കിയല്ല ശക്തി അളക്കുക.''- ടോണി ബര്‍ക്ക് പറഞ്ഞു. നെതന്യാഹുവിന്റെ പരാമര്‍ശങ്ങള്‍ നിരാശജനകമാണെന്ന് മന്ത്രി ക്ലെയര്‍ ഒനീലും പറഞ്ഞു.