കൊല്ലം: യുഎഇയിലെ ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം കൊല്ലം സെഷന്‍സ് കോടതി റദ്ദാക്കി. അതുല്യയുടെ മരണത്തില്‍ കൊലപാതകത്തിനാണ് ചവറ പോലിസ് കേസെടുത്തിരുന്നത്. എന്നാല്‍, കൊലപാതക്കുറ്റം ഈ കേസില്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ക്കാത്തതില്‍ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. കൊല്ലം തേവലക്കര സ്വദേശി അതുല്യ ഭര്‍ത്താവ് സതീഷിനൊപ്പം ഷാര്‍ജയിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ജൂലൈ 19നാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീശിന്റെ പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് വീട്ടുകാരുടെ പരാതി. എന്നാല്‍, അതുല്യ ആത്മഹത്യ ചെയ്‌തെന്നായിരുന്നു ഷാര്‍ജയിലെ ഫൊറന്‍സിക് പരിശോധനാ ഫലം. തുടര്‍ന്ന് ഷാര്‍ജയില്‍ ഇരുന്നു തന്നെ സതീശ് മുന്‍കൂര്‍ ജാമ്യം നേടി. ഇതാണ് ഇപ്പോള്‍ സെഷന്‍സ് കോടതി റദ്ദാക്കിയത്.