ഹോളി ആഘോഷത്തിനിടെ ഗിരിധിലും ലുധിയാനയിലും ഷാജഹാന്‍പൂരിലും പള്ളികള്‍ക്ക് മുന്നില്‍ സംഘര്‍ഷം (വീഡിയോ)

Update: 2025-03-15 02:59 GMT

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ ജാര്‍ഖണ്ഡിലെ ഗിരിധിലും പഞ്ചാബിലെ ലുധിയാനയിലും ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലും സംഘര്‍ഷം. വെള്ളിയാഴ്ച്ച നമസ്‌കാരം നടക്കുന്ന പള്ളികള്‍ക്ക് മുമ്പിലാണ് സംഘര്‍ഷമുണ്ടായത്. ലുധിയാനയിലെ ട്രാന്‍സ്‌പോര്‍ട് നഗറിലെ ബിഹാറി കോളനിയിലെ കുടിയേറ്റ തൊഴിലാളികളാണ് അക്രമം അഴിച്ചുവിട്ടത്. നമസ്‌കാര സമയത്ത് പള്ളിക്ക് മുന്നില്‍ ബഹളം വച്ചത് ചോദ്യം ചെയ്തതോടെ അവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പിന്നീട് അങ്ങോട്ടും കല്ലേറുണ്ടായി. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായി ലുധിയാന പോലിസ് അറിയിച്ചു.

ജാര്‍ഖണ്ഡിലെ ഗിരിധിലെ ഗോഡ്താംബ പ്രദേശത്താണ് പള്ളിക്ക് മുന്നിലൂടെ പോവുകയായിരുന്ന ഹോളി സംഘം അക്രമം അഴിച്ചുവിട്ടത്. നിരവധി വാഹനങ്ങളും കടകളും അക്രമികള്‍ അഗ്നിക്കിരയാക്കി. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതായി എസ്പി ഡോ. ബിമല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ഹോളി ലാത്ത് സാഹബ് യാത്രക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഹോളിക്ക് വന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പുറത്തേക്ക് വ്യാപിച്ചതെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് രാജേഷ് പറഞ്ഞു.

അതേസമയം, ഗ്രേറ്റര്‍ നോയ്ഡയില്‍ ഹോളി ആഘോഷിക്കുന്നവര്‍ തമ്മില്‍ അടിപിടിയുണ്ടായി.