ദക്ഷിണ കൊറിയയില്‍ നിന്ന്‌ ആക്രമണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തിരിച്ചടി; ഭീഷണിയുമായി ഉത്തര കൊറിയ

ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവ് ഞായറാഴ്ച വരെ സജീവമായിരുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു

Update: 2024-10-14 08:06 GMT

സിയോള്‍: ദക്ഷിണ കൊറിയയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാകണമെന്ന് സൈന്യത്തോട് ഉത്തര കൊറിയ ഉത്തരവിട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവ് ഞായറാഴ്ച വരെ സജീവമായിരുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. കിം ഭരണത്തെ അപലപിക്കുന്ന ലഘുലേഖകള്‍ വിതറി ഈ മാസം മൂന്ന് തവണ സിയോള്‍ പ്യോങ്യാങ്ങിലേക്ക് ഡ്രോണുകള്‍ അയച്ചതായി ഉത്തര കൊറിയ അവകാശപ്പെടുന്നു.

കൂടാതെ ദക്ഷിണ കൊറിയയുടെ ഇത്തരം പ്രവര്‍ത്തികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ സൈനിക ശക്തി ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും ഉത്തരകൊറിയ അറിയിച്ചു.ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിക്കടുത്തുള്ള സൈനിക വിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും വെടിവെപ്പിന് തയ്യാറെടുക്കാന്‍ മുന്നറിയിപ്പ് നല്‍കിയതായും ഉത്തരകൊറിയ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആക്രമണത്തില്‍ ദക്ഷിണ കൊറിയയ്ക്ക് കടുത്ത നാശം നേരിടേണ്ടിവരുമെന്നും ശക്തമായ ആക്രമണമുണ്ടായാല്‍ ചാരക്കൂമ്പാരമായി ദക്ഷിണ കൊറിയ മാറുമെന്നും ഉത്തരകൊറിയ വക്താവ് മുന്നറിയിപ്പ് നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഉത്തരകൊറിയയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഏത് പ്രകോപനത്തെയും നേരിടാന്‍ തയ്യാറാണെന്നും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.''നമ്മുടെ സൈന്യം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വടക്കന്‍ പ്രകോപനങ്ങള്‍ക്ക് പൂര്‍ണ സജ്ജരായി നിലകൊള്ളുകയും ചെയ്യുന്നു,'' സൗത്ത് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് (ജെസിഎസ്) വക്താവ് ലീ സിയോങ്-ജൂണ്‍ പറഞ്ഞു.

Tags: