സിറിയയില്‍ ഇസ്രായേലി സൈന്യത്തിന് നേരെ ആക്രമണം

Update: 2025-09-29 16:57 GMT

ദമസ്‌കസ്: തെക്കന്‍ സിറിയയില്‍ അതിക്രമിച്ചു കയറിയ ഇസ്രായേലി സൈന്യത്തിന് നേരെ ആക്രമണം. ഖ്യുനേത്ര പ്രവിശ്യയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം സിറിയന്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഏറ്റെടുത്തു. ഇസ്രായേലി സൈന്യം പുതുതായി സ്ഥാപിച്ച സൈനിക ക്യാംപിന് സമീപത്ത് സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചായിരുന്നു ആക്രമണം. ഒരു ഇസ്രായേലി സൈനികന് ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റു. ധരാ, ഖ്യുനേത്ര പ്രദേശത്ത് തങ്ങളുടെ പ്രവര്‍ത്തകരെ സിറിയന്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കരുതെന്നും സിറിയന്‍ നാഷണല്‍ റെസിസ്റ്റന്‍സ് അഭ്യര്‍ത്ഥിച്ചു.

2024 ഡിസംബറില്‍ ബശ്ശാറുല്‍ അസദ് സര്‍ക്കാര്‍ താഴെ വീണതിന് ശേഷം ഗോലാന്‍ കുന്നുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങലില്‍ ഇസ്രായേലി സൈന്യം അധിനിവേശം നടത്തുന്നുണ്ട്. നിരവധി സൈനിക ചെക്ക്‌പോസ്റ്റുകളും അവര്‍ സ്ഥാപിച്ചു. സിറിയയുടെ സ്ഥിരതയില്‍ ഊന്നുന്നുവെന്നതിനാല്‍ ഇസ്രായേലി അധിനിവേശത്തെ നിലവില്‍ സിറിയന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നില്ല. പക്ഷേ, ഇസ്രായേലി സൈന്യത്തെ നേരിടുകയാണെന്ന് സിറിയന്‍ നാഷണല്‍ റെസിസ്റ്റന്‍സ് അറിയിച്ചു.