ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണം; തലശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

കണ്ണൂരില്‍ വ്യാപക അക്രമം

Update: 2026-02-26 02:55 GMT

കണ്ണൂര്‍: കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ വ്യാപക ആക്രമണം. കണ്ണൂരിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി ആക്രമണങ്ങള്‍ അരങ്ങേറി. തലശ്ശേരി കോടിയേരി കല്ലില്‍ത്താഴത്തെ കോണ്‍ഗ്രസ് പാറാല്‍ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. പിന്നീട് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. റോഡരികിലെ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പടിഞ്ഞാറ്റം കൊഴുവലിലെ രാജീവ് ഭവന് നേരേയും ഇന്നലെ രാത്രി ആക്രമണമുണ്ടായി. രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെ എസ് യു സ്ഥാപിച്ച കൊടിമരം നശിപ്പിച്ചു, ചെണ്ടയാടും കൊടിമരം നശിപ്പിച്ചു. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരേ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ സംഘര്‍ഷം ഉടലെടുത്തു. ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയും കല്ലേറ് നടത്തി.

കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന് ആരോപിച്ച് സിപിഎമ്മും എസ്എഫ്ഐയും കണ്ണൂരില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. എസ്എഫ്ഐ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ഡിസിസി ഓഫീസിന് നേരേ കല്ലേറുണ്ടായി. ഓഫീസിലുണ്ടായിരുന്ന നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍, കെ എസ് യു സംസ്ഥാന സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് എം കെ വരുണ്‍, ബി സി അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു ഈ സംഭവം.

Tags: