തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ചയും ജ്വല്ലറി മോഷണവും നടത്തിയ പ്രതി പിടിയില്‍. പേരാമംഗലം സ്വദേശിയായ ജിന്റോയാണ് കുര്യച്ചിറയിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്നതിനിടയില്‍ പോലിസ് അറസ്റ്റു ചെയ്തത്.
ഇന്നലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പൂങ്കുന്നം എടിഎമ്മില്‍ കവര്‍ച്ചശ്രമം നടത്തിയത് ജിന്റോയാണെന്ന് പോലിസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പോലിസ് ജിന്റോയെ പിന്തുടര്‍ന്നത്. ഇന്ന് രാവിലെ കുര്യച്ചിറയിലെ അക്കര ജ്വല്ലറിയിലാണ് പ്രതി വീണ്ടും മോഷണശ്രമം നടത്തിയത്.
ജ്വല്ലറിയുടെ ഡോര്‍ തകര്‍ത്തതിനെ കുറിച്ചുള്ള അലര്‍ട്ട് സന്ദേശം ഉടമയുടെ ഫോണില്‍ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടമ മൊബൈല്‍ വഴി സിസിടിവി പരിശോധിക്കുമ്പോഴാണ് മോഷ്ടാവിനെ അകത്ത് കാണുന്നത്. ഉടന്‍ പോലിസിനെ വിവരം അറിയിക്കുകയും, ജിന്റോയെ പിടികൂടുകയും ചെയ്തു. കടബാധ്യത മൂലമാണ് എടിഎമ്മിലും ജ്വല്ലറിയിലും മോഷണശ്രമം നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തി.