വിവാഹ ചടങ്ങിലെ മോശം പെരുമാറ്റം ചോദ്യം ചെയ്ത കായികതാരത്തെ അടിച്ചുകൊലപ്പെടുത്തി

Update: 2025-12-01 05:39 GMT

ഹരിയാന: വിവാഹ ചടങ്ങില്‍ അപമര്യാദയായി പെരുമാറിയതിനെ എതിര്‍ത്ത കായികതാരത്തെ അടിച്ചുകൊലപ്പെടുത്തി. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. ദേശീയതല പാരാ അത്ലറ്റ് രോഹിത് ധങ്കറിനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ധങ്കര്‍ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

നവംബര്‍ 27 ന് വൈകുന്നേരം, 28 കാരനായ രോഹിത് ധങ്കറും സുഹൃത്ത് ജതിനും റെവാരിയിലെ ഖേരയിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ചടങ്ങില്‍ വരന്റെ പാര്‍ട്ടിയുടെ മോശം പെരുമാറ്റത്തെ ധങ്കര്‍ എതിര്‍ത്തു. ഇതിനെതുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വഴക്കുണ്ടായി.

വിവാഹ ചടങ്ങിനുശേഷം, അവര്‍ റോഹ്തക്കിലേക്ക് മടങ്ങുമ്പോള്‍, ധങ്കറും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറില്‍ ആക്രമി സംഘം വാഹനമുപയോഗിച്ച് ഇടിച്ചു. തുടര്‍ന്ന് കാര്‍ വളയുകയും ഇരുമ്പ് വടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് അവര്‍ ധങ്കറിനെ ആക്രമിക്കുകയുമായിരുന്നു. കേസില്‍ ഇതുവരെ ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും ആക്രമണത്തിന് ഉപയോഗിച്ച വാഹനങ്ങളില്‍ ഒന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

രോഹിത് ധങ്കര്‍ രണ്ടുതവണ ജൂനിയര്‍ പാരാ നാഷണല്‍ റെക്കോര്‍ഡ് ജേതാവും ഏഴ് തവണ സീനിയര്‍ പാരാ നാഷണല്‍ ചാമ്പ്യനുമായിരുന്നു. പാരാ പവര്‍ലിഫ്റ്റിംഗില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. നിലവില്‍ ജിം പരിശീലകനായിരുന്നു അദ്ദേഹം.

Tags: