ഇഎല്‍ പ്ലാറ്റ്‌ഫോം; ഏഥര്‍ എനര്‍ജിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 2026ല്‍ വിപണിയില്‍
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി, കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈന്‍ പേറ്റന്റ് സ്വന്തമാക്കി. പുതുതായി അവതരിപ്പിച്ച ഇഎല്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് കമ്പനി ഈ സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നത്. ഏഥര്‍ ആരംഭിച്ചതിന് ശേഷം ആദ്യമായി അവതരിപ്പിച്ച പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഏഥര്‍ 450, ഏഥര്‍ 340, ഏഥര്‍ റിസ്ത തുടങ്ങിയ മൂന്നു മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചത്. മികച്ച വില്‍പ്പന നേട്ടങ്ങള്‍ കൈവരിച്ച ഏഥര്‍, ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പുതിയ ഇഎല്‍ പ്ലാറ്റ്‌ഫോം രാജ്യത്തിന് സമര്‍പ്പിച്ചത്.
മോഡുലാര്‍ ഡിസൈന്‍ ആശയം പിന്തുടരുന്ന ഇഎല്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഒരേ ബോഡിയില്‍ ഒന്നിലധികം മോഡലുകള്‍ വികസിപ്പിക്കാന്‍ കഴിയും. ഇതിലൂടെ നിര്‍മ്മാണ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 2025ലെ ഏഥര്‍ കമ്മ്യൂണിറ്റി ഡേയിലാണ് ഈ പ്ലാറ്റ്‌ഫോം ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഏഥര്‍ റിസ്തയെ പോലെ കുടുംബ ഉപഭോക്താക്കളെ ലക്ഷ്യമിട്ട ഫാമിലി സ്‌കൂട്ടര്‍ മോഡലുകളും ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി പുറത്തിറങ്ങുമെന്നാണ് സൂചന.
ഇഎല്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന പുതിയ സ്‌കൂട്ടറിന് രണ്ടുമുതല്‍ അഞ്ചു കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററി പാക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും. മുന്‍വശത്ത് 14 ഇഞ്ച് ടയറും പിന്‍വശത്ത് 12 ഇഞ്ച് ടയറുമാണ് പ്രതീക്ഷിക്കുന്നത്. പുതിയ സ്വിംഗ് ആംമൗണ്ടഡ് മോട്ടോര്‍ സംവിധാനവും ഏഴു ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയും സ്‌കൂട്ടറിലുണ്ടാകുമെന്നാണ് റിപോര്‍ട്ട്. ഇഎല്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന സ്‌കൂട്ടറുകള്‍ 2026ലെ ഉല്‍സവ സീസണില്‍ വിപണിയില്‍ എത്തിക്കാനാണ് ഏഥര്‍ എനര്‍ജിയുടെ ലക്ഷ്യം.
