"ഇത് കൊലയാളികളുടെ സർക്കാർ "; ട്രെയ്ൻ അപകടത്തിൻ്റെ വാർഷികത്തിൽ ഗ്രീസിൽ വൻ സംഘർഷം, പോലിസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് പ്രതിഷേധക്കാർ (Video)

Update: 2025-03-01 01:55 GMT

ഏഥൻസ്(ഗ്രീസ്): ട്രെയ്ൻ അപകടത്തിൽ 57 പേർ കൊല്ലപ്പെട്ടതിൻ്റെ രണ്ടാം വാർഷികത്തിൽ ഗ്രീസിലെ ഏഥൻസിൽ വൻ സംഘർഷം. കൊല്ലപ്പെട്ടവർക്ക് നീതി കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരങ്ങൾ തെരുവിലിറങ്ങി. " കൊലയാളികളുടെ സർക്കാർ " എന്ന മുദ്രാവാക്യവുമായാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. അവർ പോലിസിന് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞു. സമരക്കാരെ നേരിടാൻ 'കലാപ വിരുദ്ധ' പൊലിസിനെ സർക്കാർ വിന്യസിച്ചിരുന്നു.


2023 ഫെബ്രുവരി 28 ന് സെൻട്രൽ ഗ്രീസിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച
പാസഞ്ചർ ട്രെയിൻ, ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 57 പേർ മരിച്ചിരുന്നു.  രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളോടുള്ള സർക്കാരിൻ്റെ അവഗണനയുടെ പ്രതീകമാണ്  ഈ അപകടം എന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ഗ്രീസിലെ രണ്ടാമത്തെ നഗരമായ തെസ്സലോനിക്കിയിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടു, അവിടെ ജനക്കൂട്ടം സർക്കാർ ഓഫീസുകൾ ഉപരോധിച്ചു.

അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നടന്ന 24 മണിക്കൂർ പൊതു പണിമുടക്കിൽ നാവികർ, ട്രെയിൻ ഡ്രൈവർമാർ, ഡോക്ടർമാർ, അഭിഭാഷകർ, അധ്യാപകർ, എയർ ട്രാഫിക് കൺട്രോളർമാർ തുടങ്ങി വിവിധ വിഭാഗങ്ങൾ പങ്കെടുത്തതിനാൽ എല്ലാ മേഖലകളും സ്തംഭിച്ചു.
ഏഥൻസിൽ മാത്രം 80ൽ അധികം പേരെ കസ്റ്റഡിയിലെടുത്തതായും അഞ്ച് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.