എടിഎഫ് വില ചരിത്രകാല റെക്കോര്‍ഡില്‍; വിമാന ടിക്കറ്റ് നിരക്ക് കൂടിയേക്കും

Update: 2026-04-01 10:41 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ഇന്ധനവിലയില്‍ കുത്തനെ വര്‍ധന. എവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് 2.07 ലക്ഷം രൂപ കടന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ എടിഎഫ് വില 2,07,341.22 രൂപയായി ഉയര്‍ന്നു. ഇതോടെ വിമാന ഇന്ധനവില ഇരട്ടിയിലധികമായി വര്‍ധിച്ചതായി വ്യക്തമാകുന്നു. റഷ്യഉക്രെയ്ന്‍ യുദ്ധകാലത്ത് ഉണ്ടായ വര്‍ധനയേക്കാള്‍ ഉയര്‍ന്നതാണ് നിലവിലെ ഉയര്‍ച്ച. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏകദേശം 115 ശതമാനവും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 107 ശതമാനവും വര്‍ധന രേഖപ്പെടുത്തി. ഇന്ധനവില ഉയര്‍ന്നതോടെ വിമാന ടിക്കറ്റ് നിരക്കിലും വര്‍ധനയുണ്ടാകാനിടയുണ്ടെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിമാന ഇന്ധനത്തിന് മേലുള്ള എക്‌സൈസ് തീരുവയും കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പ്രത്യേക തീരുവയായി 50 രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇളവുകള്‍ക്ക് ശേഷം ലിറ്ററിന് 29.5 രൂപയാണ് ഈടാക്കുക. ഇതും നിരക്കുയര്‍ച്ചയ്ക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.

Tags: