ഗസക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ; ഇതുവരെ കാഴ്ച ശക്തി നഷ്ടപ്പെട്ടത് 1,500 ഫലസ്തീനികള്‍ക്ക്

4,ooo പേര്‍ക്ക് അന്ധത വരാന്‍ സാധ്യതയെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു

Update: 2025-05-13 06:21 GMT

ഗസ: ഗസക്കെതിരായ ഇസ്രായേലിന്റെ വംശഹത്യയില്‍ ഇതുവരെ കാഴ്ച ശക്തി നഷ്ടപ്പെട്ടത് 1,500 ഫലസ്തീനികള്‍ക്കെന്ന് റിപോര്‍ട്ട്. 4,ooo പേര്‍ക്ക് അന്ധത വരാന്‍ സാധ്യതയെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

നേത്ര ശസ്ത്രക്രിയകള്‍ക്കുള്ള മെഡിക്കല്‍ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഗുരുതരമായ ക്ഷാമം ആരോഗ്യമേഖലയില്‍ അനുഭവപ്പെടുന്നുണ്ടെന്നും ഇത് പ്രത്യേകിച്ച് ഡയബറ്റിക് റെറ്റിനോപ്പതി, ആന്തരിക രക്തസ്രാവം എന്നിവയുള്‍പ്പെടെയുള്ള റെറ്റിന രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയാ സേവനങ്ങളുടെ പൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് നയിച്ചേക്കാമെന്നും ഡോ. അബ്ദുള്‍ സലാം സബാഹ് പറഞ്ഞു.

ഹൈലൂറോണിക് ആസിഡ്, അള്‍ട്രാഫൈന്‍ സര്‍ജിക്കല്‍ സ്യൂച്ചറുകള്‍ തുടങ്ങിയ നിര്‍ണായക മെഡിക്കല്‍ സപ്ലൈകള്‍ ഏതാണ്ട് തീര്‍ന്നുപോയെന്നും സ്‌ഫോടനങ്ങള്‍ മൂലം കണ്ണിനുണ്ടാവുന്ന പരിക്കുകള്‍ക്ക് ഈ വസ്തുക്കള്‍ അടിയന്തിരമായി ആവശ്യമാണെന്നും അവയില്ലാതെ ചികില്‍സ അസാധ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. അടിയന്തര അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടാകുകയും അടിയന്തര സാമഗ്രികളും ഉപകരണങ്ങളും ലഭ്യമാക്കുകയും ചെയ്തില്ലെങ്കില്‍, നേത്ര ശസ്ത്രക്രിയകള്‍ നടത്താന്‍ ആശുപത്രികള്‍ക്ക് കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ പീഡിയാട്രിക് വിഭാഗം മേധാവി ഗസയിലെ കുട്ടികള്‍ നേരിടുന്ന കാഴ്ചയുടെ പ്രശ്‌നങ്ങളെ 'ദുരന്തകരം' എന്നാണ് വിശേഷിപ്പിച്ചത്.ഗര്‍ഭിണികള്‍ക്കുള്ള അവശ്യ മരുന്നുകളുടെയും പോഷക സപ്ലിമെന്റുകളുടെയും കടുത്ത ക്ഷാമം ആശുപത്രിയില്‍ അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

യുദ്ധം മൂലം തകര്‍ന്നടിഞ്ഞ പ്രദേശത്ത് ക്ഷാമവും മെഡിക്കല്‍ സാധനങ്ങളുടെ കുറവും ഉണ്ടെന്ന് ഒന്നിലധികം റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും, മാര്‍ച്ച് 2 മുതല്‍ ഇസ്രായേല്‍ ഗസയിലെ എല്ലാ ക്രോസിംഗുകളും അടക്കുകയും അവശ്യസാധനങ്ങള്‍ ഗസയിലേക്ക് പ്രവേശിക്കുന്നത് തടയുകയുമായിരുന്നു.

Tags: