ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഭൂരിപക്ഷത്തിന്റെ കണക്കില്‍ ഒന്നാമതെത്തി രാഹുല്‍ ഗാന്ധി. റായ്ബറേലി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ രാഹുലിനാണ് യുപിയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം. തിരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡാണ് രാഹുലിനുള്ളത്. വാരാണസിയില്‍ നിന്നും ജനവിധി തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1.4 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്.
2004 മുതല്‍ സോണിയ ഗാന്ധി കൈവശംവെക്കുന്ന മണ്ഡലമാണ് റായ്ബറേലി. 2019ല്‍ റായ്ബറേലിയില്‍ 1.67 ലക്ഷം വോട്ടുകള്‍ക്കാണ് സോണിയ ഗാന്ധി ജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്ക് മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തില്‍ 2009ലെ തിരഞ്ഞെടുപ്പിലാണ് സോണിയ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത്. 3.72 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് സോണിയക്കുണ്ടായത്.
ഇക്കുറി രാജ്യസഭയിലേക്ക് സോണിയ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് റായ്ബറേലിയില്‍ പുതിയ സ്ഥാനാര്‍ഥിയെ തേടിയത്. ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനുള്ള നറുക്ക് വീഴുകയായിരുന്നു. വയനാടിനൊപ്പം റായ്ബറേലി മണ്ഡലത്തില്‍ നിന്നും മത്സരിച്ച രാഹുല്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയത്.
അതേസമയം, ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യ സഖ്യമാണ് മുന്നേറുന്നത്. 44 സീറ്റുകളിലാണ് യുപിയില്‍ ഇന്‍ഡ്യ സഖ്യം മുന്നേറുന്നത്. എന്‍ഡിഎയുടെ മുന്നേറ്റം ഇക്കുറി 35 സീറ്റിലേക്ക് ഒതുങ്ങി. എസ്പിയും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം വലിയ നേട്ടമാണ് യുപിയിലുണ്ടാക്കുന്നത്.
