നിയമസഭാ തിരഞ്ഞെടുപ്പ്; 85 സീറ്റില്‍ വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍

Update: 2026-01-04 16:31 GMT

സുല്‍ത്താന്‍ ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. കുറഞ്ഞത് 85 സീറ്റുകളില്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍. വയനാട് നടക്കുന്ന നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനത്തിലാണ് വിലയിരുത്തല്‍. നൂറു സീറ്റിലധികം നേടി വിജയിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസിന്റെ നേതൃസംഗമം വയനാട്ടില്‍ ഇന്നാണ് തുടങ്ങിയത്.

കാസര്‍കോട്ട് അഞ്ചില്‍ മൂന്ന്, കണ്ണൂരില്‍ 11ല്‍ നാല്, കോഴിക്കോട്ട് 13ല്‍ എട്ട്, വയനാട്ടില്‍ മൂന്നില്‍ മൂന്ന്, പാലക്കാട്ട് 12ല്‍ അഞ്ച്, തൃശൂരില്‍ 13ല്‍ ആറ്, എറണാകുളത്ത് 14ല്‍ 12, ഇടുക്കിയില്‍ അഞ്ചില്‍ നാല്, ആലപ്പുഴയില്‍ ഒന്‍പതില്‍ നാല്, കോട്ടയത്ത് ഒന്‍പതില്‍ അഞ്ച്, പത്തനംതിട്ടയില്‍ അഞ്ചില്‍ അഞ്ച്, കൊല്ലത്ത് 11ല്‍ ആറ്, തിരുവനന്തപുരത്ത് 14ല്‍ നാല്, മലപ്പുറത്ത് 16ല്‍ 16 എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ലീഗിന്റെ കൈവശമുള്ള കോഴിക്കോട്ടെ പേരാമ്പ്രയും കണ്ണൂരിലെ അഴിക്കോടും വച്ചു മാറാവുന്നതാണന്നും യോഗത്തില്‍ നിര്‍ദേശം.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ചുവടുപിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് ജാഗ്രതയോടെ എത്തണമെന്നാണ് നേതാക്കള്‍ 'ലക്ഷ്യ ലീഡേഴ്സ് സമ്മിറ്റില്‍' ആവശ്യപ്പെട്ടത്. സ്ഥാനാര്‍ഥി ചര്‍ച്ച ഉള്‍പ്പെടെ മാധ്യമ പ്രതികരണങ്ങളില്‍ പാലിക്കേണ്ട ജാഗ്രത ക്യാംപ് ഉദ്ഘാടനം ചെയ്ത എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഓര്‍മിപ്പിച്ചു.

സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഘടകകക്ഷികളെ പിണക്കരുതെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമുദായ സംഘടനകളെ മുഖവിലയ്‌ക്കെടുക്കണം. 2019ലെ ലോക്സഭാ വിജയത്തോടെയുണ്ടായതു പോലെ അമിത ആത്മവിശ്വാസം വേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിപദാസ് മുന്‍ഷിയും മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ പറഞ്ഞു. ജയസാധ്യതയുള്ള എംപിമാരെ മല്‍സരിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവും ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്.

Tags: