നിയമസഭാ തിരഞ്ഞെടുപ്പ്; ബിഹാറിലെ ജനവിധി ഇന്നറിയാം, വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍

രണ്ടു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പില്‍ 66.91 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്

Update: 2025-11-14 02:14 GMT

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഒന്‍പതുമണിയോടെ ആദ്യ സൂചനകള്‍ ലഭ്യമാകും. രണ്ടു മണിയോടെ ചിത്രം പൂര്‍ണമായും വ്യക്തമായേക്കും. ഒരുറൗണ്ടില്‍ 14 ഇവിഎമ്മുകള്‍ എന്നകണക്കിലാണ് എണ്ണല്‍ പുരോഗമിക്കുക. വിവിധ സംസ്ഥാനങ്ങളിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.

243 മണ്ഡലങ്ങളില്‍ രണ്ടു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പില്‍ 66.91 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 20 വര്‍ഷത്തിനുശേഷം നടന്ന റെക്കോര്‍ഡ് പോളിങാണിത്. നിതീഷ് കുമാറിന്റെ ജെഡിയുവിന്റെയും ബിജെപിയുടേയും നേതൃത്വത്തിലുള്ള എന്‍ഡിഎയും തേജസ്വി യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന ഇന്ത്യാ മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടം.

എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ മുന്‍തൂക്കത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമാണ് എന്‍ഡിഎ നേതാക്കള്‍ പങ്കുവെക്കുന്നത്. എന്നാല്‍ ഭരണവിരുദ്ധ വികാരമാണ് ഉയര്‍ന്ന പോളിങ് ശതമാനത്തിനു കാരണമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യ നേതാക്കള്‍. അതേസമയം, നവംബര്‍ 18ന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തേജസ്വി യാദവ്.

അതിനിടെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പോളിങ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും വിമര്‍ശനം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുസാഫര്‍പൂര്‍ ഉള്‍പ്പടെയുള്ള പല ജില്ലകളിലെയും സ്‌ട്രോങ് റൂമുകളിലെ സിസിടിവി ഓഫാക്കിയതായി തേജസ്വി യാദവ് ആരോപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിനു ശേഷവും സമാനമായ ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ വോട്ടു രേഖപ്പെടുത്തിയ ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ടുചെയ്‌തെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കിടെയാണ് സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.