സഹപ്രവര്‍ത്തകയായ പോലിസുകാരിക്കു നേരേ അതിക്രമം; പോലിസ് ഓഫിസര്‍ക്കെതിരേ കേസ്

Update: 2025-11-15 06:16 GMT

കൊല്ലം: സഹപ്രവര്‍ത്തകയായ പോലിസുകാരിക്കു നേരെയുള്ള അതിക്രമത്തില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരേ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് സിസിപിഒ നവാസിനെതിരെ ചവറ പോലിസാണ് കേസെടുത്തത്.

നീണ്ടകര കോസ്റ്റല്‍ പോലിസ് സ്റ്റേഷനില്‍ നവംബര്‍ ആറിനു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പാറാവ് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലിസുകാരി വിശ്രമമുറിയിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് പുരുഷന്മാരുടെ വിശ്രമമുറിക്കു സമീപത്തു നിന്ന് സിപിഒ വനിത പോലിസുകാരിയോട് അപമര്യാദയോടെ പെരുമാറുകയായിരുന്നു. ഡെപ്യൂട്ടേഷനില്‍ ജോലിക്കെത്തിയതായിരുന്നു നവാസ്. ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗിക താല്‍പര്യത്തോടെ അതിക്രമം നടത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. ഇതിനു പിന്നാലെ സിറ്റി പോലിസ് കമീഷണര്‍ക്ക് പോലിസുകാരി പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിസിപിഒക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിക്കും.