മുതിര്‍ന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നത് നിര്‍ത്തുമെന്ന് അസം മുഖ്യമന്ത്രി; ബംഗ്ലാദേശികളെ തടയാനെന്ന്
ഗുവാഹത്തി: മുതിര്‍ന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നത് നിര്‍ത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കുന്നത് തടയാനാണ് നടപടിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാല്‍, പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രം ഒരുവര്‍ഷം കൂടി ആധാര്‍ അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
''ബംഗ്ലാദേശികള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇന്നലെ ഏഴു പേരെ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു. സംസ്ഥാനത്തെ എല്ലാ ബംഗ്ലാദേശികളെയും പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നു ഉറപ്പില്ല. അതിനാല്‍, ഇനി ബംഗ്ലാദേശികളെ ആധാര്‍ എടുക്കാന്‍ അനുവദിക്കില്ല. ആധാര്‍ എന്ന വാതില്‍ പൂര്‍ണമായും അടക്കുകയാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് മാത്രമേ ആധാര്‍ നല്‍കൂ. ഡെപ്യൂട്ടി കമ്മീഷണര്‍മാരോ ഫോറിനേഴ്‌സ് ട്രിബ്യൂണലുകളോ നിര്‍ദേശം നല്‍കിയാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി അനുവദിക്കും.''-മുഖ്യമന്ത്രി പറഞ്ഞു.