'ആന്റി ലവ് ജിഹാദ്' നിയമം കൊണ്ടുവരാനൊരുങ്ങി അസം സര്‍ക്കാര്‍; പ്രണയത്തിന്റെ പേരിലുള്ള വഞ്ചന തടയാനെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ
അസം: വിവാഹത്തിലൂടെ ഹിന്ദുക്കള്‍ ഇസ് ലാം മതം സ്വീകരിക്കുന്നത് തടയാന്‍ പുതിയ നിയമം കൊണ്ടുവരുന്നതായി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള അസം സര്‍ക്കാര്‍.പ്രണയത്തിന്റെ പേരിലുള്ള വഞ്ചന തടയാനും സ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്ന് സംരക്ഷിക്കാനും നിയമം സഹായിക്കുമെന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ വാദം.
'ലവ് ജിഹാദ് വിരുദ്ധ നിയമം'എന്ന് പറയുന്ന നിര്‍ദ്ദിഷ്ട നിയമ പ്രകാരം, വിവാഹത്തിലൂടെ സ്ത്രീകളെ ഇസ് ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന പുരുഷന്മാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കും. ആരോപണവിധേയനായ പുരുഷന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യാനും ഈ നിയമം അനുവദിക്കും.
ഒക്ടോബര്‍ 22 ന് പ്രഖ്യാപിച്ച ഈ ബില്ല്, ഗോത്ര സമൂഹങ്ങള്‍ക്കുള്ള ബഹുഭാര്യത്വവും ഭൂമിയുടെ അവകാശങ്ങളും ഉള്‍ക്കൊള്ളുന്ന പുതിയ നിയമങ്ങളുടെ ഭാഗമാണ്.എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍, അക്കാദമിക് വിദഗ്ധര്‍, പൗരാവകാശ സംഘടനകള്‍ എന്നിവര്‍ നിയമത്തെ ശക്തമായി അപലപിച്ചു. മുസ് ലിംകളെ ലക്ഷ്യമിട്ടുള്ള നിയമമാണിതെന്ന് അവര്‍ വ്യക്തമാക്കി.
ഈ നിയമം ഉപയോഗിക്കുന്നത് സ്ത്രീകളെ സംരക്ഷിക്കാനല്ല, മറിച്ച് മുസ് ലിം യുവാക്കളെ അപകടകാരികളായി ചിത്രീകരിക്കുന്നതിനും മതാന്തര ബന്ധങ്ങളെ കുറ്റകൃത്യങ്ങളാക്കി മാറ്റുന്നതിനുമാണെന്ന് ജെഎന്‍യു പ്രൊഫ. അമീര്‍ അലി പറഞ്ഞു.
