ഗുഡ്ഗാവ്: ബംഗ്ലാദേശികളാണെന്ന് സംശയിച്ച് അസമിലെ പോലിസുകാരന്റെ മകന്‍ അടക്കം ഒമ്പതു പേരെ ഹരിയാന പോലിസ് കസ്റ്റഡിയില്‍ എടുത്തു. അസം വ്യവസായ സുരക്ഷാ സേന അംഗമായ സന്നത്ത് അലിയുടെ മകന്‍ അഷ്‌റഫുല്‍ ഇസ്‌ലാം എന്ന 23 കാരനെയാണ് ഗുഡ്ഗാവ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കോളജിലെ പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ഹരിയാനയില്‍ പോയതാണ് ഒമ്പതംഗ സംഘം. ജൂലൈ 13ന് അവര്‍ ഹരിയാനയില്‍ ജോലിയില്‍ പ്രവേശിച്ചു. ആ സമയത്താണ് മുസ്‌ലിംകളായവരെ പോലിസ് പിടികൂടി ദേശീയത പരിശോധിക്കാന്‍ തുടങ്ങിയത്. അഷ്‌റഫ് ഇസ്‌ലാമും സുഹൃത്തുക്കളും വോട്ടര്‍ ഐഡിയും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും കാണിച്ചിട്ടും പോലിസ് വിട്ടില്ല. തുടര്‍ന്ന് സന്നത്ത് അലി തന്റെ പോലിസ് ഐഡിയും വോട്ടര്‍ ഐഡിയുമെല്ലാം അയച്ചു നല്‍കി. സംഭവത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ട്. ലോവര്‍ അസമില്‍ നിന്നും ഹരിയാനയില്‍ പോവുന്നവരെ പോലിസ് പിടികൂടുന്നതായി ആള്‍ അസം മൈനോറിറ്റീസ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.