മരത്തിനു കീഴില്‍ ഉറങ്ങിക്കിടന്നയാള്‍ക്ക് മേല്‍ നഗരസഭാ ജീവനക്കാര്‍ ചെളി തള്ളി; മരണം

Update: 2025-05-24 02:04 GMT

ബറെയ്‌ലി: മരത്തിന് കീഴില്‍ ഉറങ്ങിക്കിടന്നയാള്‍ക്ക് മേല്‍ നഗരസഭാ ജീവനക്കാര്‍ ചെളി തള്ളി. ഉറങ്ങിക്കിടന്നയാള്‍ മരിച്ചു. ബറെയ്‌ലിയില്‍ തള്ളുവണ്ടിയില്‍ പച്ചക്കറി വിറ്റിരുന്ന സുനില്‍കുമാര്‍ എന്നയാളാണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷം വീടിന് സമീപത്തെ ഒരു മരത്തിന് കീഴില്‍ കിടന്നുറങ്ങുകയായിരുന്നു സുനില്‍കുമാര്‍. ഇത് അറിയാതെ നഗരസഭാ ജീവനക്കാര്‍ ചെളി തള്ളുകയായിരുന്നുവെന്ന് പറയപ്പെടുന്നു. നഗരസഭയുടെ മാലിന്യം തള്ളുന്ന ചുമതലക്കാരനായ എന്‍ ശാസ്ത്രിക്കെതിരെ കേസെടുത്തതായി ബരാദരി പോലിസ് പറഞ്ഞു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ്. ബറെയ്‌ലി നഗരത്തിലെ ഓടകള്‍ വൃത്തിയാക്കിയ മാലിന്യമാണ് നഗരത്തിന് പുറത്തുകൊണ്ടുപോയി തള്ളിയിരുന്നതെന്നും പോലിസ് പറഞ്ഞു.

വീടിന് സമീപത്തെ മരത്തിന് കീഴിലാണ് മകന്‍ കിടന്നുറങ്ങിയതെന്നും എന്‍ ശാസ്ത്രി വന്ന് ചെളി തട്ടുന്നത് കണ്ടുവെന്നും സുനില്‍കുമാറിന്റെ പിതാവ് ഗിര്‍വാര്‍ സിങ് പ്രജാപതി പറഞ്ഞു. മാലിന്യം തള്ളാന്‍ അനുവാദമില്ലാത്ത പ്രദേശത്താണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പൊതുസ്ഥലത്തെ മരത്തിന് കീഴില്‍ കിടന്നുറങ്ങാന്‍ ആര്‍ക്കും അവകാശമില്ലെന്നും അത് കേസെടുക്കാവുന്ന കുറ്റമാണെന്നും നഗരസഭാ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.