എഎസ്‌ഐ സന്ദീപ് ലാത്തര്‍ ആത്മഹത്യ ചെയ്ത സംഭവം; മരിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ വൈ പുരണ്‍ കുമാറിന്റെ ഭാര്യക്കെതിരേ കേസ്
റോഹ്തക്: വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) സന്ദീപ് ലാത്തറിന്റെ ആത്മഹത്യയില്‍, മരിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ വൈ പുരണ്‍ കുമാറിന്റെ ഭാര്യയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്‌നീത് പി കുമാര്‍, സഹോദരനും പഞ്ചാബ് നിയമസഭാംഗവുമായ അമിത് രത്തന്‍, എന്നിവര്‍ക്കെതിരേ കേസെടുത്തു.
പ്രേരണാക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അമ്‌നീത് പി കുമാര്‍, സഹോദരന്‍ അമിത് രത്തന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. റോഹ്തക്കിലെ ഐജി ഓഫീസില്‍ നിയമിതനായ എഎസ്‌ഐ സുശീല്‍ കുമാര്‍, മറ്റൊരു പോലിസുകാരന്‍ സുനില്‍ എന്നിവര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി റോഹ്തക്കിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (പിജിഐഎംഎസ്) അയച്ചതായും വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജിന്ദിലെ ജന്മനാടായ ജുലാനയില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുമെന്നും ലാത്തറിന്റെ ബന്ധുവായ സഞ്ജയ് ദേശ്വാള്‍ പറഞ്ഞു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക, സന്ദീപിന്റെ ഭാര്യക്ക് യോഗ്യതയനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കുക, പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ അന്ത്യകര്‍മങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി ദേശ്വാള്‍ പറഞ്ഞു. സമയബന്ധിതമായി നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ കുടുംബത്തിന് ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
