അഷ്‌റഫിന്റെ കൊലപാതകത്തില്‍ ബിജെപി നേതാവ് രവീന്ദ്ര നായ്ക്കിന് നിര്‍ണായക പങ്കെന്ന് കുറ്റപത്രം
മംഗളൂരു: കര്‍ണാടകത്തിലെ കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപി നേതാവ് രവീന്ദ്ര നായ്ക്കിന് നിര്‍ണായക പങ്കുണ്ടെന്ന് കുറ്റപത്രം. ഹിന്ദുത്വ സംഘത്തെ കൊല നടത്താന്‍ പ്രേരിപ്പിച്ചത് രവീന്ദ്ര നായ്ക്കാണെന്ന് പ്രതികളുടെ മൊഴികളെ ആസ്പദമാക്കി കുറ്റപത്രം പറയുന്നു. ബിജെപിയുടെ മുന്‍ കൗണ്‍സിലറായ സംഗീത നായ്ക്കിന്റെ ഭര്‍ത്താവ് കൂടിയാണ് ഇയാള്‍. ആദ്യം കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ കേസിനെ തേയ്ച്ചുമാച്ചു കളയാന്‍ ശ്രമിച്ചിരുന്നു.
അഷ്‌റഫ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നും അതിനാല്‍ കൊന്നുവെന്ന രീതിയിലുള്ള പ്രചാരണമാണ് ഹിന്ദുത്വര്‍ ആദ്യം നടത്തിയിരുന്നത്. എന്നാല്‍, ചെറിയ തര്‍ക്കത്തെ തുടര്‍ന്ന് അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നെന്നാണ് പ്രദേശവാസികളും പൗരാവകാശ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നത്. രവീന്ദ്ര നായ്ക്കിനെതിരെ ആരും മൊഴി നല്‍കിയില്ലെന്നാണ് മംഗളൂരു പോലിസ് കമ്മീഷണറായിരുന്ന അനുപം അഗര്‍വാള്‍ ഏപ്രില്‍ 30ന് പറഞ്ഞത്. പ്രതികളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു കമ്മീഷണറുടെ വെളിപ്പെടുത്തല്‍. പക്ഷേ, എല്ലാ പ്രതികളും സംഭവത്തില്‍ രവീന്ദ്ര നായ്ക്കിന്റെ പങ്കു പറയുന്ന മൊഴി ഏപ്രില്‍ 29ന് തന്നെ നല്‍കിയിരുന്നു.
അഷ്‌റഫിനെ ആക്രമിക്കുമ്പോള്‍ രവീന്ദ്ര നായ്ക്ക് സ്ഥലത്തുണ്ടായിരുന്നുവെന്ന് മൊഴികള്‍ പറയുന്നു. പ്രദേശത്ത് ക്രിക്കറ്റ് കളിച്ചിരുന്ന ചിലര്‍ ആക്രമണം തടയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അഷ്‌റഫിനെ തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്തത് രവീന്ദ്രയായിരുന്നുവെന്ന് മൊഴികള്‍ പറയുന്നു. അഷ്‌റഫിനെ ആക്രമിക്കുമ്പോള്‍ കൊംഗുരു ക്രിക്കറ്റ് ടീമിലെ ദീപക് അടക്കമുള്ളവര്‍ അത് തടയാന്‍ ശ്രമിച്ചു. അഷ്‌റഫിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നും ഇപ്പോള്‍ തന്നെ ധാരാളം മര്‍ദ്ദനമേറ്റെന്നുമാണ് അവര്‍ പറഞ്ഞത്. പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ അഷ്‌റഫിനെ ആശുപത്രിയില്‍ കൊണ്ടുപോവണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, രവി അണ്ണന്‍ എന്നറിയപ്പെടുന്ന രവീന്ദ്ര നായ്ക്കും മഞ്ജുനാഥും ദേവദാസും അതിനെ എതിര്‍ത്തു.
''ഇത്തരക്കാരെ വെറുതെവിട്ടാല്‍ നാളെ കുറെ പേര്‍ ഇവിടെ വരും.... നമുക്ക് ആര്‍ക്കും പ്രശ്‌നങ്ങള്‍ വരാതെ ഞാന്‍ നോക്കിക്കോളാം.'' എന്നും രവീന്ദ്ര നായ്ക്ക് പറഞ്ഞുവത്രെ. ഇതേതുടര്‍ന്ന് ബാക്കിയുള്ളവര്‍ അഷ്‌റഫിനെ ക്രൂരമായി ആക്രമിച്ചു. അഷ്‌റഫിനെ കൊല്ലാന്‍ കിഷോര്‍ കുമാര്‍, അനില്‍ കുഡുപ്പു എന്നിവര്‍ ആഹ്വാനവും ചെയ്തു.
കൊലപാതകത്തിന് ശേഷം സംഭവം മൂടിവയ്ക്കാന്‍ രവീന്ദ്ര നായ്ക്ക് ശ്രമിച്ചതായി മൊഴികള്‍ പറയുന്നു. '' ചെയ്തത് ചെയ്തു. ഇനി നമുക്ക് ഒന്നുമറിയാത്തവരെ പോലെ നടിക്കാം. എന്താണ് സംഭവിച്ചതെന്ന് ആരോടും പറയരുത്. പോലിസ് ചോദിച്ചാല്‍ ഒന്നുമറിയില്ലെന്ന് പറയണം. ആരെങ്കിലും വായ് തുറന്നാല്‍ എല്ലാവരും കുടുങ്ങും. ചോദ്യം ചെയ്യാന്‍ പോലിസ് വിളിച്ചാല്‍ നമുക്കെല്ലാവര്‍ക്കും കൂടി പോവാം. സ്‌റ്റേഷനില്‍ ആരും സംസാരിക്കരുത്. ഞാന്‍ മാത്രം സംസാരിക്കാം. ആരും ഒന്നും പറഞ്ഞില്ലെങ്കില്‍ പോലിസ് കേസ് അവസാനിപ്പിക്കും.''- രവീന്ദ്ര നായ്ക്കും ദേവദത്തും മറ്റു പ്രതികളോട് പറഞ്ഞു. അതേതുടര്‍ന്നാണ് പ്രതികള്‍ ആദ്യദിവസങ്ങളില്‍ മൗനം പാലിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ ശ്രീദത്തിന്റെ മൊഴിയില്‍ കൂടുതല്‍ വിശദാംശങ്ങളുണ്ട്. സംഭവ ദിവസം കേസിലെ മറ്റൊരു പ്രതിയായ ദീക്ഷിതും ശ്രീദത്തും ഒരു സുഹൃത്തിനെ കണ്ടു. സംഭവസ്ഥലത്ത് രവീന്ദ്ര നായ്ക്കുണ്ടായിരുന്നുവെന്ന കാര്യം അവര്‍ അയാളോട് പറഞ്ഞു. തുടര്‍ന്ന് രാത്രി മൂന്നുപേരും കൂടി രവീന്ദ്ര നായ്ക്കിന്റെ വീട്ടില്‍ പോയി. ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്നും മൗനം പാലിച്ചാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും എല്ലാ കാര്യവും താന്‍ ഏറ്റെന്നും രവീന്ദ്ര നായ്ക്ക് അവര്‍ക്ക് ഉറപ്പുനല്‍കി.
അഷ്‌റഫിന്റെ കൊലപാതകത്തെ ആദ്യം പോലിസ് അസ്വാഭാവിക മരണമായാണ് രേഖപ്പെടുത്തിയത്. മദ്യപിച്ച് വീണ് മരിച്ചെന്നായിരുന്നു പോലിസ് അവകാശപ്പെട്ടത്. പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് കൊലപാതകമായി കേസ് രജിസ്റ്റര്‍ ചെയ്തത്. അഷ്‌റഫിന്റെ ശരീരത്തില്‍ 35 പരിക്കുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. തലയും ജനനേന്ദ്രിയവും അടക്കം വിവിധഭാഗങ്ങളിലെ പരിക്കുകള്‍ക്ക് പുറമെ ആന്തരിക അവയവങ്ങളില്‍ രക്തസ്രാവവുമുണ്ടായിരുന്നു.
രവീന്ദ്ര നായ്ക്കിനെതിരേ മറ്റു പ്രതികള്‍ മൊഴി നല്‍കിയിട്ടും അനുപം അഗര്‍വാള്‍ അയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ആള്‍ക്കൂട്ട കൊലപാതകം നടന്നിട്ടും പ്രതികളെ പിടിക്കാന്‍ 48 മണിക്കൂറില്‍ അധികം സമയമാണ് എടുത്തത്. അനുപം അഗര്‍വാളിനെ മാറ്റി സുധീര്‍ കുമാര്‍ റെഡ്ഡിയെ കമ്മീഷണറാക്കിയ ശേഷമാണ് കേസില്‍ പുരോഗതിയുണ്ടായത്. എന്നാല്‍, രവീന്ദ്ര നായ്ക്കിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ വേണ്ട തെളിവുകള്‍ ഇല്ലെന്നാണ് പുതിയ കമ്മീഷണറും പറയുന്നത്.
സംഭവത്തെ നിസാരമായി ചുരുക്കി കെട്ടി വര്‍ഗീയ സ്വഭാവം വരുത്തി കേസ് ഇല്ലാതാക്കാനുള്ള ശ്രമം തുടക്കത്തില്‍ തന്നെ നടന്നുവെന്നാണ് പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. രവീന്ദ്ര നായ്ക്കിന്റെ പങ്ക് മറ്റു പ്രതികള്‍ സൂചിപ്പിച്ചെങ്കിലും കേസില്‍ പ്രതിയാക്കാന്‍ വേണ്ട തെളിവില്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൂടാതെ അയാളെ ഇതുവരെ ചോദ്യം ചെയ്യാനും സാധിച്ചിട്ടില്ല. തുടരന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലിസ് പറയുന്നത്.

