ഹിമാലയം, ലഡാക്ക് യാത്രകളിലൂടെ ശ്രദ്ധേയനായ സൈക്കിള്‍ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍

Update: 2026-01-16 10:15 GMT

തൃശ്ശൂര്‍: ദീര്‍ഘ ദൂര സൈക്കിള്‍ സഞ്ചാരിയായ അഷ്‌റഫിനെ(43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക് യാത്രകളിലൂടെ ശ്രദ്ധേയനായ ആളാണ് അഷ്‌റഫ്. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ പത്താംകല്ല് സ്വദേശിയാണ് മരിച്ച അഷ്‌റഫ്.

വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപം ഇന്നുരാവിലെയാണ് അഷ്‌റഫിന്റെ മൃതദേഹം കണ്ടെത്തിയത്.സമീപത്തെ തോട്ടുപാലത്തിന് മുകളില്‍ നിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.


2017ലെ വാഹന അപകടത്തില്‍ വലതുകാല്‍ അറ്റുപോയ ആളാണ് അഷ്‌റഫ്. ഒരു കാലിന്റെ ശേഷികൊണ്ട് സൈക്ലിങ് നടത്തുന്ന അഷ്‌റഫ് എല്ലാവര്‍ക്കും പ്രചോദനമായിരുന്നു. അപകടത്തിനുശേഷം, ശസ്ത്രക്രിയ നടത്തി കാല് തുന്നിച്ചേര്‍ത്തെങ്കിലും കാലിന്റെ ചലന ശേഷി വീണ്ടെടുക്കാന്‍ ആയിരുന്നില്ല.

പത്തടി പോലും തികച്ചു നടക്കാനാകാത്ത അവസ്ഥയില്‍ നിന്നുമാണ് സൈക്കിള്‍ സഞ്ചാരിയായി അഷ്‌റഫ് മാറിയത്. പരിശീലനത്തിലൂടെയായിരുന്നു മുന്‍പോട്ടുള്ള പ്രയാണം. ആദ്യമൊക്കെ സഹോദരന്‍ സഹായിച്ചു പിന്നെ ഒറ്റയ്ക്കായി യാത്രകള്‍. അര കിലോമീറ്റര്‍, ഒരു കിലോമീറ്റര്‍ പിന്നെ അഞ്ച് പത്ത് അങ്ങനെ പോയി യാത്രകള്‍. കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ 10 മണിക്കൂര്‍ കൊണ്ട് 153 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കാനായി. പിന്നീടങ്ങോട്ട് അഷ്‌റഫ് ജീവവായു പോലെ തന്റെ സൈക്കിളിനെ കൂടെ കൂട്ടുകയായിരുന്നു.

Tags: