ആശാ വര്‍ക്കര്‍മാരുടെ സമരം; കമ്മ്യൂണിസ്‌ററുകാര്‍ക്ക് ഉണ്ടാവേണ്ടത് വര്‍ഗതാല്‍പ്പര്യം: കെ സച്ചിദാനന്ദന്‍

തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് ഒരാള്‍ കമ്മ്യൂണിസ്റ്റാവുന്നതെന്നും അദ്ദേഹം പറഞ്ഞു

Update: 2025-03-05 09:42 GMT

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണമെന്ന് എഴുത്തുകാരനും കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ കെ സച്ചിദാനന്ദന്‍. ദലിതന്‍, തൊഴിലാളി തുടങ്ങിയ താഴേക്കടിയിലുള്ളവരുടെ താല്‍പ്പര്യം നോക്കിയാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും വര്‍ഗതാല്‍പ്പര്യമാണ് അവര്‍ക്ക് ഉണ്ടാവേണ്ടതെന്നും പാര്‍ട്ടി താല്‍പ്പര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് ഒരാള്‍ കമ്മ്യൂണിസ്റ്റാവുന്നതെന്നും താന്‍ പാര്‍ട്ടി കമ്മ്യൂണിസത്തോട് എതിരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ തനിക്ക് ആദ്യം സംശയമുണ്ടായിരുന്നെന്നും എന്നാല്‍ ക്യത്യമായ വിവരങ്ങള്‍ അറിഞ്ഞതിനേ തുടര്‍ന്ന് കാര്യങ്ങള്‍ മനസിലായെന്നും അദ്ദേഹം പറഞ്ഞു. ആശാവര്‍ക്കാര്‍മാര്‍ക്ക് ഒരുപാട് ചുമതലകള്‍ ഉണ്ട്. ആദ്യഘട്ടത്തില്‍ തുടങ്ങിയ പോലെയല്ല അവരുടെ ഇപ്പോഴത്തെ ജോലി. അതുകൊണ്ട് തന്നെ അവര്‍ക്ക് അതിനാവശ്യമായ വരുമാനം കൊടുക്കണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

എളമരം കരീമിനെ പോലെ അവര്‍ക്കെതിരേ മോശം ഭാഷ ഉപയോഗിക്കാതിരിക്കുക എന്നതു കൂടി ഉറപ്പാക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും പറയുന്നതില്‍ തനിക്ക് ആരെയും പേടിയില്ലെന്നും പറയേണ്ടത് താന്‍ എവിടെയും പറയുമെന്നും പാര്‍ട്ടി പത്രം കേട്ട് അതാണ് ശരി എന്നു ചിന്തിക്കരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേ സമയം ആശാവര്‍ക്കര്‍മാരുടെ സമരം 23 ദിവസം പിന്നിട്ടു.

Tags: