ആശാ ഭോസ്ലേയുടെ സംസ്‌കാരം ഇന്ന്

Update: 2026-04-13 02:34 GMT

മുംബൈ: ഇന്ത്യന്‍ ഗായിക ആശാ ഭോസ്ലേയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം നടക്കുക. ഹൃദയ, ശ്വാസകോശ അസുഖങ്ങളെ തുടര്‍ന്ന് മുംബൈ ബ്രീച്ച്കാന്‍ഡി ആശുപത്രിയിലായിരുന്നു ഗായികയുടെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ലോവര്‍ പരേലിലെ വസതിയായ 'കാസ ഗ്രാന്‍ഡെ'യില്‍ പൊതുദര്‍ശനം നടക്കും. വൈകുന്നേരം നാലിന് ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കും.

എട്ടുപതിറ്റാണ്ട് നീണ്ട സംഗീതയാത്രയില്‍ വിവിധ ഭാഷകളിലായി 12,000ത്തോളം ഗാനങ്ങള്‍ ആശാഭോസ്ലേ സമ്മാനിച്ചു. 1943ല്‍ 10ാം വയസില്‍ മറാഠി ചിത്രമായ 'മാത്സാബാലി'ലെ 'ചലാ ചലാ നവബാലാ' എന്ന ഗാനത്തിലാണ് ആശയുടെ സ്വരം ആദ്യമായി റെക്കോര്‍ഡ് ചെയ്തത്. 1948ല്‍ 'ചുനരിയ' എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറി. 'സിഐഡി'((1956) 'നയാദോര്‍'(1957) എന്നീ സിനിമകളില്‍ ഒ പി നയ്യാര്‍ ഇൗണമിട്ട ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായതോടെ ബോളിവുഡില്‍ ആശാഭോസ്ലേ യുഗം ആരംഭിച്ചു.

ആര്‍ ഡി ബര്‍മന്‍, എ ആര്‍ റഹ്‌മാന്‍, ഇളയരാജ തുടങ്ങി പ്രമുഖ സംഗീത സംവിധായകരുടെയെല്ലാം ഇഷ്ട ഗായികയായിരുന്നു ആശാ ഭോസ്‌ലെ. 1995ല്‍ 'രംഗീല'യിലൂടെ റഹ്‌മാന്‍ ആശാ ഭോസ്‌ലെയെ തിരിച്ചുകൊണ്ടുവന്നപ്പോള്‍ 62ാം വയസിലും ഹിറ്റ് ചാര്‍ട്ടുകളില്‍ അവര്‍ ഇടംപിടിച്ചു. മലയാളത്തില്‍ 'സുജാത' എന്ന ചിത്രത്തിലെ 'സ്വയംവര ശുഭദിന മംഗളങ്ങള്‍' എന്ന ഗാനം അനശ്വരമാക്കി. സംഗീത ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റുഡിയോ റെക്കോര്‍ഡിങുകള്‍ നടത്തിയ ആര്‍ട്ടിസ്റ്റ് എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ആശാ ഭോസ്‌ലെയ്ക്ക് സ്വന്തമാണ്. ഗ്രാമി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ഗായികയാണ്. രാജ്യം ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്.

Tags: