തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും കോഴിക്കോട്ടേക്കു മാറ്റാനൊരുങ്ങുന്നു. പാര്‍ട്ടി അനുമതി നല്‍കിയാല്‍ കോഴിക്കോട്ടേക്കു മാറ്റുന്നത് സജീവമായി പരിഗണനയിലുണ്ടെന്നാണ് വിവരം. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവിന്റെ ജീവിതപങ്കാളിയായ ആര്യ തന്റെ താല്‍പര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സിപിഎം നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചായിരിക്കും ആര്യയുടെ ഇനിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം.
സച്ചിന്‍ദേവ് കോഴിക്കോട്ടും മേയറുടെ ഭാരിച്ച ചുമതലകളുള്ള ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമായിരുന്നു താമസം. ഈ സാഹചര്യത്തിലാണു താമസവും രാഷ്ട്രീയപ്രവര്‍ത്തനവും കോഴിക്കോട്ടേക്കു മാറ്റാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം മേയറെന്ന നിലയില്‍ ആര്യയുടെ ചുമതല അവസാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആര്യ രാജേന്ദ്രന് തിരുവനന്തപുരത്ത് സിപിഎം സീറ്റു നല്‍കിയിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് രാഷ്ട്രീയപ്രവര്‍ത്തനം കോഴിക്കോട്ടേക്കു മാറ്റാനുള്ള ആലോചന നടക്കുന്നത്.
2020ല്‍ 21ാം വയസില്‍ മേയര്‍ സ്ഥാനമേറ്റ ആര്യ രാജേന്ദ്രന്‍, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറിയിരുന്നു. 2022 സെപ്റ്റംബറിലാണ് എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിന്‍ദേവിനെ വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് രണ്ടു വയസുള്ള ഒരു കുഞ്ഞുണ്ട്. സിപിഎം ജില്ല കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് ആര്യ രാജേന്ദ്രന്‍.
കഴിഞ്ഞ ദിവസം, തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിനു പിന്നാലെ മേയര്‍ പദവയിലേക്കുള്ള യാത്രയും ജീവിതവും പങ്കുവെക്കുന്ന ഫേസ് ബുക് കുറിപ്പെഴുതിയിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍. ബാലസംഘവും എസ്എഫ്‌ഐയും ഉള്‍പ്പെടെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ 21ാം വയസില്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയാവുന്നതും, രാജ്യം തന്നെ ശ്രദ്ധിച്ച തീരുമാനത്തിലൂടെ മേയര്‍ പദവിലെത്തുന്നതും ഉള്‍പ്പെടെ യാത്ര അനുസ്മരിച്ചുകൊണ്ടായിരുന്നു കുറിപ്പ്. സാധാരണ കുടുംബത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് വെല്ലുവിളികള്‍ ഏറെയുള്ള നഗര അധ്യക്ഷ പദവിയിലെ കാലാവധി പൂര്‍ത്തിയാക്കിയിറങ്ങുമ്പോള്‍ പിന്തുണച്ചവര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും സര്‍ക്കാറിനും സഹകൗണ്‍സിലര്‍മാര്‍ക്കും നന്ദി പറയുന്നതായിരുന്നു കുറിപ്പ്.
