ചെന്നൈ: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ മാതാപിതാക്കള്‍ക്ക് സാന്ത്വനമേകി കമല്‍ഹാസന്‍. മസ്തിഷ്‌കമരണം സംഭവിച്ച കുഞ്ഞാലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മാതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിന്‍ ആന്‍ ജോണും സമ്മതം മൂളിയത്. ഇരുവരുടേയും ധീരമായ തീരുമാനത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് പറയുകയാണ് തെന്നിന്ത്യന്‍ ചലച്ചിത്രതാരം കമല്‍ഹാസന്‍.
'അരുണ്‍ എബ്രഹാം, ഷെറിന്‍ ആന്‍ ജോണ്‍, നിങ്ങള്‍ക്ക് പ്രണാമം. നമ്മുടെ കുഞ്ഞ്, ആലിന്‍ ഷെറിന്‍ എബ്രഹാം, മാസങ്ങളോളം അമ്മയുടെ ഉദരത്തിലും, ശേഷം പത്തുമാസം മാതാപിതാക്കളുടെ അതിരുകളില്ലാത്ത സ്‌നേഹം ഏറ്റുവാങ്ങിയും ജീവിച്ചു. ഇപ്പോഴിതാ, അവള്‍ മറ്റ് അഞ്ച് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നു. മനസ് കൊണ്ടും ഹൃദയം കൊണ്ടും നിങ്ങള്‍ സ്നേഹനിധികളായ മാതാപിതാക്കളാണ്, നിങ്ങള്‍ എല്ലായ്പ്പോഴും അങ്ങനെത്തന്നെയായിരിക്കും. ജീവിതത്തില്‍ നിങ്ങളുടെ സന്തോഷം വീണ്ടെടുക്കാന്‍ സാധിക്കട്ടെ. നിങ്ങള്‍ ഇരുവരും അത് അര്‍ഹിക്കുന്നു. പ്രിയപ്പെട്ട ഷെറിന്‍, അരുണ്‍, നിങ്ങളുടെ കമല്‍ഹാസന്‍.' കമല്‍ ഹാസന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായി അപകടത്തില്‍ മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റേയും ഷെറിന്റേയും പത്തുമാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്‌കമരണം സംഭവിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വൃക്കകള്‍, ഹൃദയം, കരള്‍, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്യുകയായിരുന്നു. അവയവദാനത്തില്‍ പുതു ചരിത്രമെഴുതി നാലു കുരുന്നുകള്‍ക്ക് പുതുജീവനേകിയാണ് ആലിന്‍ വിടവാങ്ങുന്നത്.
ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ ആലിന്റെ കരള്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവെച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവാണ് ഈ കുഞ്ഞ്. എസ്‌ഐടിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്. ആലിന്റെ നേത്രപടലവും ഹൃദയവാല്‍വും ദാനം ചെയ്തിട്ടുണ്ട്. വാല്‍വ് എസ്‌ഐടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകര്‍ത്താവിനെ ലഭിച്ചാല്‍ അവ നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലിന്‍ ചികല്‍സയിലിരുന്ന അമൃത ആശുപത്രിയില്‍ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ടുപേര്‍ക്കായി നല്‍കാനാണ് തീരുമാനം.
