ആരാധനാലയ സംരക്ഷണ നിയമം: ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങളെ നിര്‍വീര്യമാക്കി സുപ്രിംകോടതി

Update: 2024-12-12 18:10 GMT

രാജ്യത്തെ ആരാധനാലയങ്ങള്‍ 1947 ആഗസ്റ്റ് പതിനഞ്ചിലെ തദ്സ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ സംരക്ഷണ നിയമം ലംഘിക്കുന്ന സിവില്‍ കോടതികള്‍ക്കുള്ള താക്കീതായി ഡിസംബര്‍ 12ലെ സുപ്രിംകോടതിയുടെ ഇടക്കാല വിധി. രാജ്യത്തെ മുസ്‌ലിം പള്ളികള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിക്കുന്ന പുതിയ അന്യായങ്ങളൊന്നും ഫയലില്‍ സ്വീകരിക്കരുതെന്നാണ് സിവില്‍ കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. നിലവിലുള്ള അന്യായങ്ങളില്‍ നടപടികളും അന്തിമവിധികളും പാടില്ല. സര്‍വേകള്‍ ഒരു കാരണവശാലും നടത്തരുതെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നു.

ആരാധനാലയ സംരക്ഷണ നിയമത്തെ പരാജയപ്പെടുത്താന്‍ സിവില്‍ കോടതികളെ അനുവദിക്കില്ലെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് കേസിലെ വിധിയില്‍ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പ്രാധാന്യം സുപ്രിംകോടതി രേഖപ്പെടുത്തിയിട്ടുള്ളതായി ജസ്റ്റിസ് കെ വി വിശ്വനാഥന്‍ ചൂണ്ടിക്കാട്ടി. അത് ലംഘിക്കാന്‍ സിവില്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ബാബരി കേസില്‍ ആരാധനാലയ സംരക്ഷണ നിയമത്തെ കുറിച്ച് ഇങ്ങനെ പറയുന്നു.

'' രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവത്തില്‍ 1947 ആഗസ്റ്റ് 15ലെ തദ്സ്ഥിതി തുടരണമെന്ന് നിര്‍ദേശിക്കുന്നതിലൂടെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. കൊളോണിയല്‍ ഭരണത്തിലെ അനീതികളുണ്ടാക്കിയ മുറിവ് ഉണക്കുക എന്നതിന് ഭരണഘടനാപരമായ അടിത്തറ നല്‍കുകയാണ് ചെയ്തിരിക്കുന്നത്. എല്ലാ മതസമൂഹങ്ങളുടെയും ആരാധനാലയങ്ങളുടെ സ്വഭാവം സംരക്ഷിക്കുകയാണ് നിയമം ചെയ്യുന്നത്. ഭരണകൂടത്തെ പോലെ തന്നെ രാജ്യത്തെ ഓരോ പൗരനെയും നിയമം അഭിസംബോധന ചെയ്യുന്നു. രാജ്യത്ത് ഭരണം നടത്തുന്നവര്‍ക്ക് ഓരോ ഘട്ടത്തിലും ഈ നിയമം ബാധകമാണ്. ഭരണഘടനയുടെ 51ാം അനുഛേദത്തിലെ മൗലിക കടമകളുടെ ഭാഗമാണ് അത്. അതിനാല്‍ പൗരന്‍മാരുടെ കടമയുമാണ്. ഇത് ഉറപ്പിക്കാനാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. മതങ്ങളുടെയും തുല്യതയും മതനിരപേക്ഷതയും ഉറപ്പുവരുത്തുന്ന നിയമം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുടെ ഭാഗമാണ്.'' - ബാബരി കേസിലെ വിധി പറയുന്നു. ആരാധനാലയങ്ങളുടെ സ്വഭാവവും ഉടമസ്ഥതയും പരിശോധിക്കുന്ന കേസുകള്‍ രാജ്യത്തെ ഒരു കോടതിയും ട്രിബ്യൂണലും അധികാരികളും പരിശോധിക്കരുതെന്നും നിയമം പറയുന്നുണ്ട്.

എന്നാല്‍, ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ ജില്ലാ കോടതിയിട്ട ഉത്തരവ് ശരിവച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ 2022 മേയില്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് മലക്കം മറിഞ്ഞു. ഒരു ആരാധനാലയത്തിന് രൂപാന്തരം വരുത്താന്‍ ഉദ്ദേശ്യമില്ലാത്ത പക്ഷം അതിന്റെ സ്വഭാവം പരിശോധിക്കുന്നതിന് 1991ലെ നിയമം തടസ്സമല്ലെന്നാണ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്.

അതോടെ പത്ത് പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരേ ഹിന്ദുത്വര്‍ കേസുകള്‍ ഫയല്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭലിലെ ശാഹീ ജാമിഅ് മസ്ജിദില്‍ സര്‍വേക്കെതിരേ പ്രതിഷേധിച്ച ആറു മുസ്‌ലിംകളെ പോലിസ് വെടിവച്ചു കൊല്ലുകയും ചെയ്തു. ആരാധനാലയ സംരക്ഷണ നിയമം നിലനില്‍ക്കെയാണ് ഇതെല്ലാം നടന്നത്. എന്നാല്‍, ഇന്നത്തെ ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങളെ നിര്‍വീര്യമാക്കുകയാണ് സുപ്രിംകോടതി ചെയ്തിരിക്കുന്നത്. ആരാധനാലയ സംരക്ഷണ നിയമപ്രകാരം പാര്‍ലമെന്റ് നിരോധിച്ച കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഗ്യാന്‍വാപി മസ്ജിദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫ് അഹ്മദി അഭിപ്രായപ്പെടുന്നത്.